ബഹ്‌റൈൻ രാജ്യാന്തര എയർഷോ: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

0

മനാമ: ആകാശത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ബഹ്‌റൈൻ രാജ്യാന്തര എയർഷോ (BIAS) 2024 ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സഖീറിലെ എയർ ബേസിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തി. നവംബർ 13 മുതൽ 15 വരെയാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. ആഗോള  പ്രതിരോധ വ്യവസായത്തിന്റെ കൂടി ഭാഗമായ എയർഷോയിൽ വിവിധ രാജ്യങ്ങളിൽ നിന്നും  എയ്‌റോസ്‌പേസ്, ഡിഫൻസ്, ടെക്‌നോളജി രംഗത്തെ ആയിരക്കണക്കിന് പ്രതിനിധികളാണ് പങ്കെടുക്കുക.

റോയൽ ബഹ്‌റൈൻ എയർഫോഴ്‌സിൻ്റെ (RBAF) സഹകരണത്തോടെ ബഹ്‌റൈനിലെ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ എയർഷോ നടക്കുന്നത്. ലോക്ക്ഹീഡ് മാർട്ടിൻ, റോൾസ് റോയ്‌സ്, തേൽസ് തുടങ്ങിയ വ്യവസായ ഭീമൻമാരെ ഉൾക്കൊള്ളുന്ന വിപുലമായ എക്‌സിബിഷനോടൊപ്പം സൈനിക ജെറ്റുകളുടെയും നൂതന വാണിജ്യ വിമാനങ്ങളുടെയും ഡൈനാമിക് ഫ്ലൈയിംഗ് പ്രദർശനം അടക്കം പുതിയ നിരവധി സാങ്കേതിക വിദ്യകൾ അടക്കമുള്ളവയുടെ പ്രദർശനം കൂടി ഇത്തവണ ഉണ്ടാകുമെന്നാണ് കരുതുന്നത്.

റെഡ് ആരോസ്, യുഎഇയുടെ അൽ ഫുർസാൻ, സൗദി ഹോക്‌സ് തുടങ്ങിയ പ്രശസ്‌ത ഡെമോൺസ്‌ട്രേഷൻ ടീമുകളും ആകാശത്ത് അത്ഭുതങ്ങൾ അവതരിപ്പിക്കും. ആർഎസ്എഎഫ് ടൈഫൂൺ, യുഎസ്എഎഫ് എഫ്-16 തുടങ്ങിയ നൂതന വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്കും ഇത്തവണ എയർഷോ വേദിയാകും. യുഎസ്, സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ദീർഘകാല പങ്കാളിത്തവും ഈ മേഖലയിലെ സഹകരണവും നിക്ഷേപവും കൂടി ലക്ഷ്യമിട്ടാണ് ഈ എയർഷോ സംഘടിപ്പിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലെ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ സിഇഒമാർ, പ്രതിരോധ സാങ്കേതിക വിദഗ്‌ദ്ധർ എന്നിവരെ ഒന്നിപ്പിക്കുന്നനിരവധി കോണ്ഫറൻസുകളും ഷോയുടെ ഭാഗമായി നടക്കും.

You might also like