അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ലോകമെങ്ങും ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ നേടി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ഡിസംബറിൽ ഔദ്യോഗിക ഫലപ്രഖ്യാപനം നടക്കും. ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഏകപക്ഷീയമെന്ന് പറയാവുന്ന നിലയിലായിരുന്നു ട്രംപിൻ്റെ മുന്നേറ്റം. വേട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ സ്വിങ്ങ് സ്റ്റേറ്റുകളിൽ അടക്കം അപ്രതീക്ഷിത മുന്നേറ്റമാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്. സ്വിങ്ങ് സ്റ്റേറ്റുകളിൽ ട്രംപ് കാഴ്ചവെച്ച മികച്ച പ്രകടനം പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമായി. ഇതുവരെ പുറത്ത് വന്ന ഫലസൂചന പ്രകാരം സെനറ്റിലേയ്ക്കും ജനപ്രതിനിധി സഭയിലേയ്ക്കും റിപ്പബ്ലിക്കൻ പാർട്ടി വലിയ മുന്നേറ്റമാണ് നടത്തിയത്. സെനറ്റിൽ കേവല ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി സഭയിലും കേവല ഭൂരിപക്ഷത്തിലേയ്ക്ക് മുന്നേറുകയാണ്.
24 കോടി പേർക്കാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടായിരുന്നത്. ഏർളി വോട്ടിംഗ്, പോസ്റ്റൽ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനങ്ങളുടെ ചുമതലയാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പ്. ഇവിഎം മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 18 വയസിന് മുകളിലുള്ളവർക്കാണ് അമേരിക്കയിലും വോട്ടവകാശം. കൈമുദ്ര പതിപ്പിച്ച ബാലറ്റ് പേപ്പർ വോട്ടിംഗ് തന്നെയാണ് അമേരിക്കയിൽ ഏറെ പ്രചാരമുള്ള വോട്ടിംഗ് സംവിധാനം. കണക്കുകളനുസരിച്ച് 69.9% പേരും ഈ സംവിധാനം ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബാലറ്റ് മാർക്കിംഗ് ഡിവൈസസ് സംവിധാനം ഉപയോഗപ്പെടുത്തുന്ന പേപ്പർ ബാലറ്റുകളാണ് 25.1% പേരും ഉപയോഗിക്കുന്നത്. ഡയറക്ട് റെക്കോർഡിംഗ് ഇലക്ട്രോണിക് സംവിധാനമാണ് മൂന്നാമത്തെ രീതി. ഒപ്റ്റിക്കൽ സ്‌കാനറുകൾ വഴിയാണ് പേപ്പർ ബാലറ്റുകൾ എണ്ണി തിട്ടപ്പെടുത്തുന്നത്. ശേഷം കമ്പ്യൂട്ടർ ഉപയോഗിച്ച് അന്തിമ പട്ടിക തയ്യാറാക്കും. അന്തിമ പട്ടിക പൂർത്തിയായാലും ഫലം സ്വയം പരിശോധിക്കാൻ അതാത് സംസ്ഥാനങ്ങൾക്ക് സമയം നൽകും.