പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ
കൊല്ലം: പൊലിസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ. കൊല്ലം കിളികൊല്ലൂര്‍ പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെയുള്ള എട്ട് പൊലിസുകാര്‍ക്കാണ് മെമ്മോ ലഭിച്ചത്. ഇതോടെ ക്ലാസില്‍ താമസിച്ചെത്തി എന്ന കാരണത്താല്‍ മെമ്മോ ലഭിച്ച പൊലിസ് ഉദ്യോഗസ്ഥരുടെ മാനസികസംഘര്‍ഷം ഇരട്ടിയായി.
ചൊവ്വാഴ്ചയായിരുന്നു ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നത്. രാവിലെ ഏഴുമണിക്ക് ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു. എന്നാല്‍ എത്താന്‍ വൈകിയവര്‍ക്കെല്ലാം തന്നെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മെമ്മോ നല്‍കുകയായിരുന്നു.
തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നതുള്‍പ്പെടെയുള്ള വലിയ സമ്മര്‍ദങ്ങള്‍ നേരിടുന്ന മേഖലയാണ് പൊലിസ് സേനയുടേത്. മാനസികസമ്മര്‍ദവും ശാരീരിക വെല്ലുവിളികളും നേരിടുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അവബോധ ക്ലാസുകള്‍ നല്‍കണമെന്ന പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്റ്റേഷനിലെ പരമാവധി പേരെ പങ്കെടുപ്പിക്കണമെന്ന് നിര്‍ദേശം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.