ഗാസയില്‍ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി 3 പേര്‍ മരിച്ചു

0

ഗാസ: ഗാസയിലെ അല്‍ ബന്ന ബേക്കറിക്ക് മുന്നില്‍ ബ്രഡ് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി 3 പേര്‍ മരിച്ചു. മേഖലയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിന് ഇടയിലാണ് സംഭവം. 13ഉം 17ഉം പ്രായമുള്ള പെണ്‍കുട്ടികളുടേയും 50 വയസുള്ള സ്ത്രീയുടേയും മൃതദേഹം മധ്യ ഗാസയിലെ അല്‍ അഖ്‌സ മാട്രിയാര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് ഇവരുടെ അന്ത്യമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കിയിട്ടുള്ളത്. 14 മാസത്തോളം നീണ്ട യുദ്ധത്തിനിടയില്‍ ഗാസയിലേക്ക് ഭക്ഷണം എത്തുന്നത് കഴിഞ്ഞ രണ്ട് മാസങ്ങളായി ഏറ്റവും കുറഞ്ഞ അവസ്ഥയിലാണുള്ളത്. പട്ടിണി അതി രൂക്ഷമായ അവസ്ഥയിലാണ് ഗാസയിലെ ജനമുള്ളത്. മാനുഷിക സഹായം മാത്രമാണ് ഗാസയിലെ പലസ്തീന്‍ സ്വദേശികള്‍ക്ക് ഭക്ഷണത്തിന് ആശ്രയമായിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗാസയിലെ ബേക്കറികള്‍ ധാന്യപ്പൊടികള്‍ ലഭ്യമാകാത്തത് മൂലം അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തരത്തില്‍ അടച്ചിട്ട ബേക്കറികളിലൊന്ന് വീണ്ടും തുറന്നപ്പോള്‍ വലിയ രീതിയിലാണ് ആള്‍ക്കൂട്ടം ഇവിടേക്ക് എത്തിയത്. ഈ തിക്കിലും തിരക്കിലുമാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. ഗാസ മുനമ്പിലെ പലസ്തീന്‍കാര്‍ ബേക്കറികളേയും ജീവകാരുണ്യ സംഘടനകളുടെ ഭക്ഷണ വിതരണത്തേയും ആശ്രയിച്ചാണ് ഒരു നേരത്തെ ഭക്ഷണം കണ്ടെത്തുന്നത്.

You might also like