കുതിച്ചുയര്‍ന്ന് വ്യോമയാന ഇന്ധന വില; വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കും

0

ന്യൂഡല്‍ഹി: വ്യോമയാന ഇന്ധന വിലവര്‍ധന പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍. ഇതോടെ വിമാന യാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് (എടിഎഫ്) കിലോലിറ്ററിന് 1318 രൂപയാണ് വര്‍ധിച്ചത്. ഒരു മാസം മുമ്പാണ് എടിഎഫിന് 2941 രൂപയുടെ വര്‍ധനവുണ്ടായത്. പുതിയ നിരക്ക് ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു.

പുതിയ നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ എടിഎഫ് ഒരു കിലോലിറ്ററിന് 91856.84 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 94551.63 രൂപയും മുംബൈയില്‍ 84861.02 രൂപയും ചെന്നൈയില്‍ 95231.49 രൂപയുമാണ് വില.

വിമാനയാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ് ഇന്ധന വില. ജീവനക്കാര്‍ക്ക് നല്‍കുന്നത് കഴിഞ്ഞാല്‍ വിമാനത്തിന്റെ നടത്തിപ്പില്‍ കമ്പനികള്‍ക്ക് ഏറ്റവും ചെലവ് വരുന്നതും ഇന്ധനത്തിന് വേണ്ടിയാണ്. ഇന്ധന വിലയിലെ മാറ്റങ്ങള്‍ കമ്പനികളുടെ ലാഭത്തില്‍ വലിയ രീതിയിലുള്ള വ്യതിയാനങ്ങളുണ്ടാക്കും. ഇക്കാരണത്താല്‍ ഇന്ധന വില വര്‍ധന ടിക്കറ്റ് നിരക്ക് വര്‍ധനയിലേക്ക് നയിക്കുമെന്നാണ് സൂചന.

സര്‍ക്കാര്‍ എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ ഓരോ മാസവും ഒന്നാം തിയതി വ്യോമയാന ഇന്ധനത്തിന്റേയും പാചക വാതക്കിന്റേയും വില പരിഷ്‌കരിക്കാറുണ്ട്.

സെപ്റ്റംബറില്‍ എടിഎഫിന് കിലോലിറ്ററിന് 4495.5 രൂപയും ഒക്ടോബറില്‍ 4495.5 രൂപയും എണ്ണ കമ്പനികള്‍ കുറച്ചിരുന്നു. നവംബറിലാണ് കമ്പനികള്‍ വീണ്ടും നിരക്ക് വര്‍ധിപ്പിച്ചത്. 2941.5 രൂപയാണ് നവംബറിലെ വര്‍ധന. ഇപ്പോഴത് 1318 രൂപ കൂടി വര്‍ധിപ്പിച്ചു

You might also like