വിദേശരാജ്യങ്ങളിൽനിന്ന് എംബിബിഎസ് പഠനം :ഇന്റേൺഷിപ്പ് രണ്ടു വർഷമായി നിശ്ചയിച്ച മെഡിക്കൽ കൗൺസിൽ തീരുമാനം ഹൈക്കോടതി ശരിവച്ചു
കൊച്ചി : വിദേശരാജ്യങ്ങളിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കി കേരളത്തിലെത്തുന്ന മെഡിക്കൽ വിദ്യാർഥികളുടെ നിർബന്ധിത ഇന്റേൺഷിപ്പ് രണ്ടു വർഷമായി നിശ്ചയിച്ച കേരള മെഡിക്കൽ കൗൺസിൽ തീരുമാനം ഹൈക്കോടതി ശരിവച്ചു. കോവിഡ്, റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം പഠനത്തിന്റെ അവസാന സമയങ്ങൾ ഓൺലൈനില്‍ പൂർത്തിയാക്കിയവർക്കാണ് 2 വർഷത്തെ ‘കംപൽസറി റൊട്ടേറ്റിങ് മെഡിക്കൽ ഇന്റേൺഷിപ്’ ഏർപ്പെടുത്തിയത്. ഇതു ചോദ്യം ചെയ്ത് യുക്രെയ്നിലെ ഒഡേസ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിബിഎസ് പാസായ രണ്ടു വിദ്യാർഥിനികൾ നല്‍കിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഉത്തരവ്.
കേരള മെഡിക്കൽ കൗൺസില്‍ രണ്ടു വർഷം ഇന്റേൺഷിപ്പ് ഏർപ്പെടുത്തിയത് 2021ലെ നാഷനൽ മെഡിക്കൽ കമ്മിഷൻ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇതുപ്രകാരം വിദേശ സർവകലാശാലയിൽനിന്ന് ഇന്ത്യയിലെ എംബിബിഎസിന് സമാനമായ കോഴ്സ് പൂർത്തിയാക്കിയവർ രണ്ടു വർഷത്തിനുള്ളിൽ 12 മാസത്തിനുള്ളിൽ തീരുന്ന ഇന്റേൺഷിപ് പൂർത്തിയാക്കണം എന്നാണ് വ്യവസ്ഥ. ഇതിനു വിപരീതമാണ് 2 വർഷത്തെ ഇന്റേൺഷിപ് എന്ന വാദം പക്ഷേ കോടതി നിരാകരിച്ചു.
കോവിഡ് സമയത്തെ പഠനകാലയളവിൽ തങ്ങൾ ഓഫ്‍ലൈൻ ക്ലാസുകളും പരീക്ഷയും സർവകലാശാലയിൽ നിന്ന് പാസായതാണ് എന്ന വാദം സർഥിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യജീവനുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ് ഡോക്ടർമാർ.