എച്ച്1ബി വീസയ്ക്കു പുതിയ നിയമങ്ങൾ
വാഷിങ്ടൻ : യുഎസിൽ വിദഗ്ധ തൊഴിൽ മേഖലകളിലെ വിദേശ ജോലിക്കാരുടെ നിയമനം എളുപ്പമാക്കാൻ എച്ച്1ബി വീസയ്ക്കു പുതിയ നിയമങ്ങളുമായി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. എഫ്1 വിദ്യാർഥിവീസയിലുള്ളവർക്ക് എച്ച്1ബി വീസയിലേക്കുള്ള മാറ്റവും എളുപ്പമാക്കി.
വീസാച്ചട്ടങ്ങളിൽ കടുത്ത നിലപാടുള്ള ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ ഒരു മാസം മാത്രം ശേഷിക്കെയാണു ബൈഡൻ സർക്കാരിന്റെ നടപടി. ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ആണ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. എഫ്1 വീസ, എച്ച്1 ബിയിലേക്കു മാറ്റാനുള്ള നടപടികൾ എളുപ്പമാക്കിയത് വിദ്യാർഥികളുടെ നിയമനങ്ങളിൽ അമേരിക്കൻ കമ്പനികൾ നേരിട്ടിരുന്ന തടസ്സങ്ങൾ ഒഴിവാക്കും.
നേരത്തേ എച്ച്1ബി വീസ ഉണ്ടായിരുന്നവരുടെ പുതിയ അപേക്ഷയിലും നടപടികൾ വേഗത്തിലാക്കും.ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ ആശ്രയിക്കുന്നതു പ്രധാനമായും എച്ച്1ബി വീസയാണ്. ആഗോള വിപണിക്കനുസരിച്ചു ചില പ്രത്യേക തസ്തികകളുടെ നിർവചനങ്ങളും നിയമന മാനദണ്ഡങ്ങളും പരിഷ്കരിച്ചിട്ടുണ്ട്. സന്നദ്ധസംഘടനകൾക്കും സർക്കാർ ഗവേഷണസ്ഥാപനങ്ങൾക്കും കൂടുതൽ വിദേശനിയമനങ്ങൾ നടത്താനാകും