സൗദിയില്‍ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയര്‍ന്നു

0

ജിദ്ദ : കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറില്‍ സൗദിയില്‍ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഒക്‌ടോബറില്‍ പണപ്പെരുപ്പം 1.7 ശതമാനമായിരുന്നു. ഇതിനെ അപേക്ഷിച്ച് നവംബറില്‍ പണപ്പെരുപ്പം 0.3 ശതമാനമാണ് ഉയർന്നത്. പതിനാറു മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് നവംബറിലെത്. ഇതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പണപ്പെരുപ്പം 2.3 ശതമാനമായി ഉയര്‍ന്നിരുന്നു. പാര്‍പ്പിട വാടക ഉയര്‍ന്നതാണ് പണപ്പെരുപ്പം വര്‍ധിക്കാന്‍ പ്രധാന കാരണം.

കഴിഞ്ഞ മാസം പാര്‍പ്പിട വാടക 10.8 ശതമാനമാണ് ഉയർന്നത്. തുടര്‍ച്ചയായി 33-ാം മാസമാണ് രാജ്യത്ത് പാര്‍പ്പിട വാടക ഉയരുന്നത്. പതിവിനു വിപരീതമായി കഴിഞ്ഞ മാസം മക്കയിലാണ് പാര്‍പ്പിട വാടക ഏറ്റവുമധികം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം നവംബറിനെ  അപേക്ഷിച്ച് കഴിഞ്ഞ മാസം മക്കയില്‍ പാര്‍പ്പിട വാടക 26.6 ശതമാനം ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള ബുറൈദയില്‍ 21.9 ശതമാനവും മൂന്നാം സ്ഥാനത്തുള്ള റിയാദില്‍ 21.5 ശതമാനവും പാര്‍പ്പിട വാടക ഉയര്‍ന്നു.

മൂന്നു നഗരങ്ങളില്‍ പാര്‍പ്പിട വാടക കുറഞ്ഞു. പാര്‍പ്പിട വാടക ഏറ്റവുമധികം കുറഞ്ഞത് സകാക്കയിലാണ്. ഇവിടെ ഒരു വര്‍ഷത്തിനിടെ പാര്‍പ്പിട വാടക 7.3 ശതമാനം കുറഞ്ഞു. അബഹയില്‍ 1.9 ശതമാനവും ഹുഫൂഫില്‍ 1.7 ശതമാനവും പാര്‍പ്പിട വാടക കുറഞ്ഞു. ഉംറ തീര്‍ഥാടകരുടെ എണ്ണം ഉയര്‍ന്നതാണ് മക്കയില്‍ പാര്‍പ്പിട വാടക വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ മാസം സൗദിയില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് ബുറൈദയിലാണ്.

You might also like