76-ാമത് റിപ്പബ്ലിക് ദിന പരേഡ്: സാക്ഷ്യം വഹിക്കാന്‍ 10,000 പ്രത്യേക അതിഥികള്‍
ന്യൂഡല്‍ഹി: ജനുവരി 26 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള 10,000 പ്രത്യേക അതിഥികള്‍ക്ക് ക്ഷണം. ദേശീയ പരിപാടികളില്‍ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചവരെയും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെയും ന്യൂഡല്‍ഹിയിലേക്ക് ക്ഷണിക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രാമങ്ങളില്‍ നിന്നുള്ള സര്‍പഞ്ചുമാര്‍, ദുരന്ത നിവാരണ പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍, കരകൗശല വിദഗ്ധര്‍, പുനരുപയോഗ ഊര്‍ജ പ്രവര്‍ത്തകര്‍, അംഗീകൃത സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് പ്രവര്‍ത്തകര്‍, ആദിവാസി ഗുണഭോക്താക്കള്‍ എന്നിവരും ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നു.
കൂടാതെ, കൃഷി, പരിസ്ഥിതി സംരക്ഷണം, ആരോഗ്യം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചവര്‍ക്കും ക്ഷണമുണ്ട്. പാരാ അത്ലറ്റുകള്‍, അന്താരാഷ്ട്ര കായിക ഇനങ്ങളിലെ വിജയികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പേറ്റന്റ് ഉടമകള്‍, സ്‌കൂള്‍ മത്സര വിജയികള്‍ എന്നിവരും ആഘോഷങ്ങളില്‍ പങ്കുചേരും. മുമ്പ് ഡല്‍ഹി സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ക്കും സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മികവ് പുലര്‍ത്തിയവര്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി സൂര്യ ഘര്‍ പദ്ധതിക്കും പി.എം കുസുമിനും കീഴില്‍ പരിസ്ഥിതി സംരക്ഷണത്തെയും ഊര്‍ജത്തിന്റെ പുനരുപയോഗത്തെയും പ്രോത്സാഹിപ്പിച്ച കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും ഇത്തവണ റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കും. അതിഥികള്‍ക്ക് പരേഡിന് സാക്ഷ്യം വഹിക്കാനുള്ള അവസരം മാത്രമല്ല, മുതിര്‍ന്ന മന്ത്രിമാരുമായി സംവദിക്കാനും ദേശീയ യുദ്ധസ്മാരകം, പി.എം സംഗ്രഹാലയം, ഡല്‍ഹിയിലെ മറ്റ് പ്രധാന സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും സാധിക്കും