റിക്രൂട്ട്മെന്‍റ് നിയമം കർശനമാക്കി സൗദി അറേബ്യ
റിയാദ്: തൊഴിൽ സേവന കമ്പനികളെ നിയന്ത്രിക്കുന്നതിനായി റിക്രൂട്ട്മെന്‍റ് നിയമം കർശനമാക്കി സൗദി അറേബ്യ. വൻകിട കമ്പനികൾ ഒരു കോടി റിയാൽ ബാങ്ക് ഗാരന്‍റി നൽകണമെന്നും 10 വർഷത്തെ ലൈസൻസ് നേടുന്നതിന് 10 കോടി റിയാൽ മൂലധനം നിലനിർത്തണമെന്നുമാണ് പുതിയ നിബന്ധന.
ഇടത്തരം സ്ഥാപനങ്ങൾ 50 ലക്ഷം റിയാൽ ബാങ്ക് ഗാരന്‍റി നൽകണം. 5 വർഷത്തെ ലൈസൻസിന് 5 കോടി റിയാൽ മൂലധനം ഉണ്ടായിരിക്കണം. ചെറുകിട റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങൾക്ക് 20 ലക്ഷം റിയാൽ ആണ് ബാങ്ക് ഗാരന്‍റി. ഈ വിഭാഗം സ്ഥാപനങ്ങൾക്ക് 50 ലക്ഷം റിയാൽ മൂലധനം ഉണ്ടായിരിക്കണം. നിലവിലെ റിക്രൂട്ട്മെന്‍റ് കമ്പനികൾക്ക് ഈ വിഭാഗങ്ങളിലേക്ക് മാറാൻ രണ്ട് വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്.
റിക്രൂട്ടിങ് കമ്പനികൾ പൂർണമായും സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ജോയിന്‍റ് സ്റ്റോക്ക് കമ്പനികളായിരിക്കണം. എന്നാൽ കമ്പനി നിയമം അനുസരിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്ന വിദേശ നിക്ഷേപകർക്കും ലൈസൻസ് ലഭിക്കും. കമ്പനിയുടെ വലുപ്പം, സ്വഭാവം, പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാകും തീരുമാനം. തൊഴിൽ വിപണിയുടെ ആവശ്യകത, വീസ അപേക്ഷകളുടെ വർധന, പരാതി, കരാർ പൂർത്തീകരണത്തിലെ കാലതാമസം എന്നിവ അനുസരിച്ച് ബാങ്ക് ഗാരന്‍റി വർധിപ്പിച്ചേക്കാം.
റിക്രൂട്ട്മെന്‍റ് ചെലവുകൾ വെളിപ്പെടുത്തണമെന്നും റിക്രൂട്ട് ചെയ്ത തൊഴിലാളികൾ സംസാരിക്കുന്ന ഭാഷകളിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പുതിയ നിയമത്തിലുണ്ട്.