റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകാനായി ഇന്തോനേഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തി ; ഊഷ്മള സ്വീകരണം
ന്യൂഡൽഹി : ഇന്ത്യയുടെ 76-ാംമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ എത്തിയ ഇന്തോനേഷ്യൻ പ്രസിഡന്റിനെ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായാണ് അദേഹം പങ്കെടുക്കുന്നത്.
പ്രബോവോയുടെ സന്ദർശനം ഇന്ത്യ – ഇന്തോനേഷ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്തോനേഷ്യൻ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള പ്രബോവോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. നാളെ ഉച്ചയ്‌ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സുരക്ഷ, ഡിജിറ്റൽ സാങ്കേതികവിദ്യ, വികസനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് എക്സിൽ കുറിച്ചു.
ഇന്തോനേഷ്യയിൽ നിന്നുള്ള മാർച്ചിങ് ബാൻഡ് സംഘവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുമായും പ്രബോവോ കൂടിക്കാഴ്ച നടത്തും. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം റിസപ്ഷനിലും അദേഹം പങ്കെടുക്കും