മുഴുവന്‍ ബില്‍ അടക്കാനായില്ല; തിരുവല്ലയില്‍ കോവിഡ് ബാധിതന്റ മൃതദേഹം വിട്ടുനല്‍കിയത് അഞ്ചാംദിവസം
ചങ്ങനാശ്ശേരി: കോവിഡ് ബാധിച്ച് മരിച്ചയാളുടെ ചികിത്സച്ചെലവ് പൂര്‍ണമായും അടക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയില്ല. സി.പി.എം നേതാക്കള്‍ ഇടപെട്ട് തുക അടച്ചശേഷം അഞ്ചാംദിവസമാണ് മൃതദേഹം വിട്ടുനല്‍കിയത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര അമ്മിണി ഭവനില്‍ എന്‍.കെ. മോഹനനാണ് (52) തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏപ്രില്‍ 30ന് മരിച്ചത്. ഒരാഴ്ച മുമ്ബ് മോഹനെന്റ പിതാവ് കുട്ടപ്പനാചാരിയും (85) കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
മോഹനന് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. മൂന്നര ലക്ഷത്തിലധികം രൂപയായിരുന്നു ബില്‍. നിര്‍ധനകുടുംബത്തിന് ഇത് പൂര്‍ണമായും അടക്കാന്‍ കഴിഞ്ഞില്ല. മകളുടെ വിവാഹത്തിന് കരുതിയ സ്വര്‍ണം വിറ്റ് പകുതിയോളം തുക അടച്ചിരുന്നു. ബാക്കി കണ്ടെത്താനാവാതെ വന്നതോടെ നാലുദിവസം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.
സി.പി.എം നേതാക്കളും തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. സുവര്‍ണകുമാരിയും ആശുപത്രി മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഒരുലക്ഷം രൂപ ഇളവ് അനുവദിച്ചു. ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി നല്കിയ 75,000 രൂപയും വീട്ടുകാര്‍ നല്കിയ 25,000 രൂപയും ചേര്‍ത്ത് ഒരുലക്ഷം രൂപ അടച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറായപ്പോള്‍ ആശുപത്രി അധികൃതര്‍ അഞ്ചുദിവസത്തെ മോര്‍ച്ചറി ചെലവ് ആവശ്യപ്പെട്ടത് തര്ക്കത്തിനിടയാക്കിയെങ്കിലും പിന്നീട് മൃതദേഹം വിട്ടുനല്‍കി. ഫാത്തിമാപുരം വിശ്വകര്‍മ ശ്മശാനത്തില്‍ സംസ്കരിച്ചു.