
ഒരു വർഷത്തെ കാലാവധിയുള്ള സന്ദർശക വിസകൾ താൽക്കാലികമായി നിർത്തലാക്കി സൗദി
റിയാദ്: ഒരു വർഷത്തെ കാലാവധിയുള്ള സന്ദർശക വിസകൾ താൽക്കാലികമായി നിർത്തലാക്കി സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് സൗദിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കോൾ സെന്ററിൽ നിന്ന് അറിയിച്ചു. ഹജ്ജിന് മുന്നോടിയായാണ് നടപടിയെന്നാണ് സൂചന. ഇതോടെ സന്ദർശക വിസയിൽ വരാനിരുന്ന കുടുംബങ്ങൾ ഇനി മൂന്ന് മാസം വരെ നിൽക്കാവുന്ന സിംഗിൾ എൻട്രി വിസകൾ എടുക്കേണ്ടി വരും.
സൗദി അറേബ്യയിലേക്ക് വരാൻ പ്രവാസി കുടുംബങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നത് ഒരു വർഷം വരെ കാലാവധിയുള്ള മൾട്ടിപ്പ്ൾ എൻട്രി വിസകളാണ്. ഈ വിസകളിലെത്തിയാൽ മൂന്ന് മാസം വരെ തുടർച്ചയായി നിൽക്കാം. പിന്നീട് ഓൺലൈൻ വഴിയോ സൗദിക്ക് പുറത്ത് പോയി വന്നോ വിസ പുതുക്കാം. ഇങ്ങിനെ ഒരു വർഷം വരെ നിൽക്കാമായിരുന്നു. ഈ വിസയാണ് ഇപ്പോൾ ലഭിക്കാത്തത്.