പാതിവില തട്ടിപ്പ് സ്‌കൂട്ടര്‍ കേസ്: പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ പ്രഖ്യാപിക്കും

0

തിരുവനന്തപുരം: പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജി പി.എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഉടന്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

കേസില്‍ മുനമ്പം അന്വേഷണ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കിയിരുന്നു. നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ രക്ഷാധികാരിയാണ് ഇദ്ദേഹം. മലപ്പുറം അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് കേസെടുത്തത്.

ഒന്നാം പ്രതി അനന്തുകൃഷ്ണന്റെ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന് പുറമേ ഓരോ സ്ഥലത്തും വിവിധ സംഘടനകള്‍ക്കും പദ്ധതിയില്‍ പങ്കുണ്ട്. ഇവരും വിഹിതം കൈപ്പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. അതിനിടെ തട്ടിപ്പിലെ മുഖ്യപ്രതിയും സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാര്‍ ഒളിവിലാണെന്നാണ് സൂചന. പരാതിക്കാര്‍ ശാസ്തമംഗലത്തുള്ള വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ വീടുപൂട്ടി പോയിട്ട് ദിവസങ്ങളായതായാണ് അറിഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും ബന്ധപ്പെടാനായില്ല.

അതേസമയം അനന്തുകൃഷ്ണന്‍ രണ്ടരലക്ഷം രൂപ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നുവെന്ന് പാര്‍ട്ടി ജില്ലാസെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു

You might also like