![](https://christianexpressnews.com/wp-content/uploads/2025/02/4-2.jpg?v=1739259998)
സൗദി അറേബ്യയിൽ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം
റിയാദ്: സൗദി അറേബ്യയിലെ കിയോസ്‌കുകള്‍, പലചരക്ക് കടകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നു. സൗദി മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. കരട് അന്തിമ രൂപത്തിലാക്കുന്നതിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിക്കൊണ്ട് പൊതു സര്‍വേ പ്ലാറ്റ്ഫോമായ ഇസ്തിത്ലായില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് നിര്‍ദ്ദേശങ്ങളില്‍ ഒന്നാണിത്
പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് നിരവധി നിയന്ത്രണങ്ങള്‍ കരട് ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതനുസരിച്ച് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷനുകള്‍ പാലിച്ചായിരിക്കണം പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പന. പുകയില ഉല്‍പന്നങ്ങള്‍ വാണിജ്യ സ്ഥാപനത്തിലെ സന്ദര്‍ശകര്‍ക്ക് 100 ശതമാനം അദൃശ്യമായിരിക്കണം എന്നും അടച്ച ഡ്രോയറുകളില്‍ സൂക്ഷിക്കണം എന്നും നിര്‍ദേശത്തിലുണ്ട്.