വീണ്ടും കാട്ടാന ആക്രമണം: സുൽത്താൻ ബത്തേരിയിൽ 45 കാരന് ദാരുണാന്ത്യം

0

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് മാനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മാനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.

ഇതിനിടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മനുവിന്റെ ഭാര്യയെ കാണാനില്ലെന്ന വാർത്തയും വരുന്നുണ്ട്.

മനുവും ഭാര്യയും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

മനുവിന്റെ മൃതദേഹത്തില്‍ നിന്നും ഭാര്യയുടെ ഷാള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് രാവിലെ നടത്തിയ പ്രാഥമിക പരിശോധനയില്‍ യുവതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

വയലില്‍ നിന്നും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും തടയാന്‍ ഫലപ്രദാമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തോട് ചേര്‍ന്ന പ്രദേശമാണിത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റതായി സംശയമുണ്ടെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

You might also like