
അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്താനായി സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം : അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്താനായി സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുമായി സര്‍ക്കാര്‍. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ജഗതിയിലെ ജവഹര്‍ സഹകരണ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനും മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും ആയിരിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റല്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ തുടങ്ങിയവ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ആരംഭിക്കുന്ന പുതിയ സംരംഭമാണ് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി.
അക്കാദമിക് മികവും ഗുണനിലവാരവും ഉറപ്പാക്കാന്‍ നടപ്പിലാക്കിയ മറ്റ് പദ്ധതികള്‍ക്ക് പുറമെ, അക്കാദമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികള്‍ക്കുമായി മാത്രമായി 37.80 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി അക്കാദമിക ഗുണമേന്മ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പാഠ്യപദ്ധതിയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളൊക്കെ ഇതിന്റെ ഭാഗമായി ആണ് പുരോഗമിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി ജില്ലാതലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും സ്‌കൂള്‍ തലങ്ങളിലും ശില്‍പശാലകളും ചര്‍ച്ചകളും സംഘടിപ്പിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.