‘ഇരുചക്ര വാഹനങ്ങളില്‍ രൂപമാറ്റം’; സംസ്ഥാനത്ത് 2024ല്‍ രജിസ്റ്റര്‍ ചെയ്തത് 22,733 കേസുകള്‍

0

പത്തനംതിട്ട : റോഡ് സുരക്ഷക്ക് ഭീഷണിയായും ശബ്ദ-പുക മലനീകരണം നടത്തിയും ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമം സംസ്ഥാനത്ത് കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി രൂപമാറ്റം വരുത്തി ഓടിച്ചതുമായി ബന്ധപ്പെട്ട് ഇരു ചക്ര വാഹന ഉപഭോക്താക്കള്‍ക്ക് എതിരെ സംസ്ഥാനത്ത് 2024ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 22,733 കേസാണ്. ഇതില്‍ മഡ്ഗാര്‍ഡ് രൂപമാറ്റം വരുത്തിയതിന് 4,173, ഇന്‍ഡികേറ്റര്‍ രൂപമാറ്റം നടത്തിയതിന് 932, സൈലന്‍സര്‍ രൂപമാറ്റത്തിന് 8,355, നമ്പര്‍ പ്ലേറ്റ് രൂപമാറ്റത്തിന് 8,983, അമിത വേഗത 290 എന്നിങ്ങനെയാണ് നല്‍കിയിട്ടുള്ള ചെലാനുകളുടെ എണ്ണം.

ഇതുകൂടാതെ അമിത ശബ്ദത്തോടെയും അമിത വേഗതയിലും വാഹനമോടിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത 418 വാഹന ഉപഭോക്താക്കളുടെ ലൈസന്‍സും ഒമ്പത് വാഹനങ്ങളുടെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യും. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി റീല്‍സ് ഉണ്ടാക്കി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായി പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപടികള്‍ തുടരുകയാണ്. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 182 എ (4) പ്രകാരമുള്ള മോട്ടോര്‍ വാഹന നിയമം ലംഘിച്ച് വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയ കേസുകളില്‍ 5000 രൂപ പിഴ ഈടാക്കുന്നു. റോഡ് സുരക്ഷക്ക് ഭീഷണിയായും ശബ്ദ-പുക മലനീകരണം നടത്തിയും വാഹനം ഉപയോഗിച്ചാല്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 190 (2) പ്രകാരം ഇത്തരത്തില്‍പ്പെടുന്ന ആദ്യ നിയമ ലംഘനത്തിന് 2000 രൂപ പിഴയും തുടര്‍ന്നുള്ള ഓരോ നിയമ ലംഘനങ്ങള്‍ക്കും 10,000 രൂപ പിഴയും ഈടാക്കുകയാണ് ചെയ്യുന്നത്.

അമിത വേഗത്തിനും പൊതു റോഡുകളില്‍ നടക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ക്കും ആദ്യ നിയമ ലംഘനത്തിന് 5,000 രൂപയും തുടര്‍ന്നുള്ള ഓരോ നിയമ ലംഘനത്തിനും 10,000 രൂപ പിഴയും ചുമത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

You might also like