തിരുവനന്തപുരത്ത് കൂട്ടക്കൊല; യുവാവ് കൊലപ്പെടുത്തിയത് ബന്ധുക്കളും പെണ്‍സുഹൃത്തുമടക്കം അഞ്ചുപേരെ

0

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച് വെഞ്ഞാറമ്മൂട്ടില്‍ യുവാവിന്റെ കൊലപാതക പരമ്പര. മൂന്നിടങ്ങളിലായി അഞ്ചുപേരാണ് യുവാവിന്റെ ക്രൂരകൃത്യത്തില്‍ മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പേരുമല ‘സെല്‍മാസ്’ ല്‍ അഫ്നാന്‍ (23) ആണ് ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരെ ചുറ്റികകൊണ്ട് തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം പ്രതി വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സഹോദരന്‍ അഹ്‌സാന്‍ (13), പിതൃസഹോദരന്‍ പുല്ലമ്പാറ എസ് എന്‍ പുരത്തെ ആലമുക്കില്‍ ലത്വീഫ് (69), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സല്‍മാബീവി (88), അഫ്നാന്റെ സുഹൃത്ത് വെഞ്ഞാറമ്മൂട് മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫ്നാന്റെ മാതാവ് ഷെമി (40)യെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ വെഞ്ഞാറമ്മൂടിലെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഫ്നാന്റെ വീട്ടില്‍ വെച്ചാണ് സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. ഇവിടെ വെച്ചാണ് ഉമ്മയും ആക്രമണത്തിനിരയായത്. ശേഷം ഇവരുടെ മരണം ഉറപ്പാക്കാന്‍ വീട്ടിലെ ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിടുകയും ചെയ്തു.

വെഞ്ഞാറമ്മൂട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അഫ്സാന്‍. താഴെ പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തിയാണ് പിതൃമാതാവ് സല്‍മാബീവിയെ തലയ്ക്കടിച്ചു കൊന്നത്. ആദ്യം പിതൃസഹോദരന്റെ വീട്ടിലും പിന്നെ പിതൃമാതാവിന്റെ വീട്ടിലെത്തിയുമായിരുന്നു കൊല. പിന്നീട് സ്വന്തം വീട്ടിലെത്തി കൃത്യം നടത്തുകയും പോലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. അഫ്ഫാന്റെ ഉപ്പ റഹിം ഗള്‍ഫിലാണ്.

സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പോലീസ് സ്റ്റേഷനിലെത്തി ആറുപേരെ കൊന്നതായാണ് പ്രതി മൊഴി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഈ സ്ഥലങ്ങളിലെത്തി കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ താന്‍ എലി വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് പോലീസ് പറഞ്ഞു.

You might also like