
മാറ്റത്തിന് ജർമനിയും; ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സഖ്യത്തിന് മുന്നേറ്റം
ബെർലിൻ: ജർമനയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രതിപക്ഷമായ ഫ്രെഡ്രിക് മെർസ് നയിക്കുന്ന കൺസർവേറ്റീവ് സഖ്യത്തിന് ജയം. സിഡിയു – സിഎസ്‌യു സഖ്യം 28.5 ശതമാനം വോട്ടു നേടിയെന്നാണ് പുറത്തുവന്ന കണക്കുകൾ. ആകെയുള്ള 630 സീറ്റിൽ 209 സീറ്റുകളാണ് നിലവിൽ സിഡിയു – സിഎസ്‌യു സഖ്യം നേടിയത്. ഭരണ കക്ഷിയായ എസ്പിഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും തീവ്രവലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനി (എ.എഫ്.ഡി) നേട്ടം കൊയ്ത് രണ്ടാമതെത്തുകയും ചെയ്തു. ജർമനിയുടെ യുദ്ധാനന്തര ചരിത്രത്തിൽ എസ്പിഡിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് ഫലം സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ മെർസായിരിക്കും അടുത്ത ചാൻസലർ. രണ്ടാം സ്ഥാനത്തുള്ള ഓൾട്ടർനേറ്റീവ് ഫോർ ജർമനി 20 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ ഇരട്ടിയാണിത്. കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് ഓൾട്ടർനേറ്റീവ് ഫോർ ജർമനിക്ക് വോട്ട് വർധിക്കാൻ കാരണമായി കണക്കാക്കുന്നത്. പാർലമെന്റിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ കൺസർവേറ്റീവ് സഖ്യത്തിന് ഭരണം പിടിക്കാൻ മറ്റ് ചെറുപാർട്ടികളെ ഒപ്പം നിർത്തേണ്ടി വരും. നിലവിലെ ചാൻസലറായ ഒലഫ് സ്കോൾസിന്റെ പാർട്ടിയായ എസ്പിഡിയാണ് പ്രധാന എതിരാളിയെങ്കിലും 16.5 ശതമാനം വോട്ടുള്ള ഇവരെ ഒരുപക്ഷെ കൂടെ നിർത്താനും സാധ്യതയുണ്ട്.
ചെറുപാർട്ടികൾക്ക് എത്ര ശതമാനം വോട്ട് ലഭിച്ചിട്ടുണ്ടെന്നതിൽ വ്യക്തത വന്നതിന് ശേഷമാകും ഏതെല്ലാം പാർട്ടികളെ ചേർത്തുനിർത്തണമെന്ന കാര്യത്തിൽ കൺസർവേറ്റീവ് സഖ്യം അന്തിമ തീരുമാനമെടുക്കുക. ഇതിനായി പൂർണമായ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും