
43 കോടി രൂപയ്ക്ക് അമേരിക്കൻ പൗരത്വം: പുതിയ നയവുമായി ട്രംപ്
വാഷിങ്ടൺ: പൗരത്വം നൽകാൻ പുതിയ ഇമിഗ്രേഷൻ നയവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 43 കോടി രൂപ നൽകി പൗരത്വം നേടാനുള്ള പുതിയ അവസരമാണ് യു.എസ് തുറന്നിടുന്നത്. ഗോൾഡ് കാർഡ് എന്ന പേരിലുള്ള പൗരത്വം പദ്ധതി അതിസമ്പന്നരെ ലക്ഷ്യമിട്ടുള്ളതാണ്.
ഗ്രീൻകാർഡിന്റെ പ്രീമിയം വേർഷനായാണ് പുതിയ പദ്ധതിയെ വിലയിരുത്തുന്നത്. യു.എസിൽ ദീർഘകാലം താമസിക്കുന്നതിനുള്ള അവസരമാണ് ഗോൾഡ് കാർഡിലൂടെ കൈവരിക. കഴിഞ്ഞ ദിവസമാണ് ട്രംപ് പുതിയ ഇമിഗ്രേഷൻ നയം അവതരിപ്പിച്ചത്.
അതിസമ്പന്നരായ ആളുകളെ യു.എസിലേക്ക് എത്തിച്ച് സർക്കാറിന് വരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. ഇ.ബി-5 ഇമിഗ്രന്റ് നിക്ഷേപക വിസക്ക് പകരമാണ് ഗോൾഡ് കാർഡ് എത്തുക. 800,000 ഡോളർ നിക്ഷേപിക്കുന്നവർക്കാണ് ഇ.ബി-5 വിസ ലഭിച്ചിരുന്നത്. യു.എസിൽ ജോലികൾ സൃഷ്ടിക്കുന്നവർക്കും ഈ വിസ ലഭിക്കും.
ഇ.ബി-5 വിസ പദ്ധതിക്ക് അവസാനിപ്പിച്ച് ഗോൾഡ് കാർഡ് കൊണ്ടു വരികയാണെന്ന് കൊമേഴ്സ് സെക്രട്ടറി ഹൗവാർഡ് ലുട്നിക് പറഞ്ഞു. ഒരു കോടി ഗോൾഡ് കാർഡുകൾ വിറ്റ് യു.എസിന്റെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം