ഗാർഹിക തൊഴിലാളി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി

0

ദമ്മാം: മോഹിപ്പിക്കുന്ന നിരക്കിൽ ഗാർഹിക തൊഴിലാളി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി മാനവവിഭവശേഷി മന്ത്രാലയം. മന്ത്രാലയത്തിന്റെ അനുമതിയില്ലാത്ത വ്യാജ റിക്രൂട്ടിംഗ് ഏജൻസികളാണ് ഇത്തരത്തിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. റമദാൻ അടുത്തതോടെ ഗാർഹിക ജീവനക്കാർക്ക് ഡിമാൻറ് വർധിച്ച സാഹചര്യം മുതലെടുത്താണ് ഇത്തരം വ്യാജ സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

റദമാൻ ആഗതമായതോടെ വ്യാജ ഗാർഹിക സേവനങ്ങളുമായി രംഗത്തെത്തുന്ന സംഘങ്ങളുടെ കെണിയിൽ പെടരുത് എന്ന് രാജ്യത്തെ ഗാർഹിക ജീവനക്കാർക്കും തൊഴിൽ ദാതാക്കൾക്കുമാണ് മുസാനിദ് മുന്നറിയിപ്പ് നൽകിയത്. മോഹിപ്പിക്കുന്ന സേവന വാഗ്ദനവും നിരക്കുമായാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളും സ്ഥാപനങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യം ചെയ്യുന്നത്. മന്ത്രാലയത്തിന്റെയോ മുസാനിദിന്റെയോ അംഗീകാരം ഇത്തരം സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലായ മുസാനിദിന്റെ അംഗീകാരമില്ലാത്ത എല്ലാ സ്ഥാപനങ്ങളും ഏജൻസികളും നിയമ വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത്. ഇത്തരം സംഘങ്ങളുടെ കെണിയിൽ പെട്ട് പിടിക്കപ്പെട്ടാൽ കടുത്ത പിഴയ്ക്കും നാടുകടത്തലിനും വിധേയമാക്കപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

You might also like