അനധികൃത അവധിയിലുള്ള ഡോക്ടര്‍മാരെ പിരിച്ചുവിടും; നടപടി കടുപ്പിച്ച് ആരോഗ്യവകുപ്പ്

0

കൊച്ചി: ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി മുങ്ങുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കണ്ടെത്തി പിരിച്ചുവിടല്‍ നടപടി വേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ ഗവ.മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഇത്തരത്തില്‍ 56 ഡോക്ടര്‍മാരെയും 84 നഴ്സിങ് ഓഫീസര്‍മാരെയും പിരിച്ചുവിട്ടു.

എക്സ്പീരിയന്‍സിന് വേണ്ടി മാത്രമാണ് പല ഡോക്ടര്‍മാരും മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അഞ്ച് വര്‍ഷം ജോലിയെടുത്ത ശേഷം അവധി അപേക്ഷ നല്‍കി സ്വകാര്യ ആശുപത്രികളിലോ വിദേശത്തേക്കോ പോകും. അപേക്ഷകള്‍ പലതും അനുവദിക്കാറില്ല. എന്നാല്‍ അപേക്ഷ നല്‍കിയതിന്റെ ബലത്തില്‍ തുടര്‍ന്ന് ഇവര്‍ ജോലിക്ക് വരാറില്ല. നോട്ടീസ് നല്‍കിയാലും ഹാജരാകാറില്ല. ഇത്തരത്തില്‍ അനധികൃതമായി ഹാജരാകാത്തവരെയാണ് പിരിച്ചുവിടുന്നത്.

ഡോക്ടര്‍മാരുടെ അനധികൃത വിട്ടുനില്‍ക്കല്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെയും രോഗീപരിചരണത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. സ്വകാര്യ പ്രാക്ടീസ് കര്‍ശനമായി നിയന്ത്രിച്ചതോടെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ പണം സമ്പാദനത്തിനായി വിദേശത്തേയ്ക്ക് അടക്കം പോകുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജിലടക്കം യൂറോളജി, നെഫ്രോളജി ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഡോക്ടര്‍മാര്‍ അകാരണമായി അവധിയെടുത്ത് പോയതിനാല്‍ പരിചയസമ്പത്തുള്ള ഡോക്ടര്‍മാരില്ല. പുതിയ ഡോക്ടര്‍മാരെ കിട്ടാനുമില്ലാത്ത അവസ്ഥയാണ്.

അതേപോലെ ദീര്‍ഘകാല അവധിയെടുത്ത് നഴ്സുമാര്‍ പലരും പോകുന്നതും വിദേശത്തേക്കാണ്. മെഡിക്കല്‍ കോളജില്‍ അടക്കമുള്ള പ്രവര്‍ത്തന പരിചയം ഉയര്‍ന്ന ശമ്പളവും മികച്ച ആശുപത്രികളില്‍ ജോലിയും ലഭിക്കാന്‍ സഹായകമാകുന്നുണ്ട്.

മെഡി. കോളേജുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഡോക്ടര്‍മാര്‍
(കഴിഞ്ഞ വര്‍ഷത്തെ കണക്ക്)

കോഴിക്കോട്………………. 13
ആലപ്പുഴ………………………10
തിരുവനന്തപുരം………… 9
എറണാകുളം……………… 9
കോട്ടയം……………………….6
തൃശൂര്‍…………………………4
കൊല്ലം……………………….. 3
വയനാട്……………………… 1
ഇടുക്കി…………………………1

You might also like