
ചിലവ് താങ്ങാനാകുന്നില്ല, കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനം ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ച് ട്രംപ്
വാഷിംഗ്ടണ്‍ : നിയമവിരുദ്ധമായി അമേരിക്കയിലേക്ക് പ്രവേശിച്ച കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനം ഉപയോഗിക്കുന്നത് അമേരിക്ക താത്ക്കാലികമായി നിര്‍ത്തിവെച്ചു. അധികാരത്തിലേറുംമുമ്പേ ഡോണള്‍ഡ് ട്രംപ് പ്രചാരണ ആയുധമാക്കിയ വലിയ തീരുമാനത്തിനാണ് ഇപ്പോള്‍ താത്ക്കാലിക വിരാമമായിരിക്കുന്നത്.
ട്രംപിന്റെ പദ്ധതി നടപ്പിലാക്കാന്‍ വലിയ പണച്ചിലവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച് 1 നാണ് യുഎസില്‍ നിന്നും അവസാന സൈനിക നാടുകടത്തല്‍ വിമാനം പറന്നുയര്‍ന്നത്. ഇപ്പോള്‍ നിര്‍ത്തലാക്കിയ ഈ പദ്ധതി ചിലപ്പോള്‍ കുറച്ചുനാളത്തേക്ക് നീട്ടുകയോ അല്ലെങ്കില്‍ സ്ഥിരമാക്കുകയോ ചെയ്‌തേക്കാമെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജനുവരിയില്‍ ട്രംപ് അധികാരമേറ്റയുടനെ അമേരിക്ക ചില കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേക്കോ ഗ്വാണ്ടനാമോ ബേയിലെ സൈനിക താവളത്തിലേക്കോ മാറ്റിത്തുടങ്ങിയിരുന്നു. ഇതിനായി സൈനിക വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് മടക്കി അയച്ചവരെ ചടങ്ങലയില്‍ ബന്ധിച്ച് കുറ്റവാളികളെപ്പോലെ കൊണ്ടുവന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍, അനധികൃതമായി രാജ്യത്ത് എത്തുന്നവരെ ഭീതിയിലാക്കാനും അവര്‍ക്ക് കര്‍ശന സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയുമാണ് ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതെന്നും വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ നാടുകടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.