
ഗാസയിലേക്കുള്ള വൈദ്യുതി വിതരണം നിറുത്തി ഇസ്രയേൽ
ടെൽ അവീവ്: ഗാസയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രയേൽ വിച്ഛേദിച്ചു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ബന്ദികളെ തിരിച്ചെത്തിക്കാൻ സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുമെന്ന് ഇസ്രയേൽ ഊർജ്ജ മന്ത്രി എലി കോഹൻ പറഞ്ഞു.
ഗാസയിൽ ജലശുദ്ധീകരണ പ്ലാന്റുകളെയാണ് ഇസ്രയേലിന്റെ തീരുമാനം പ്രധാനമായും ബാധിക്കുക. കുടിവെള്ളം വിതരണം ചെയ്യുന്നതിൽ നിർണായകമാണ് ശുദ്ധീകരണ പ്ലാന്റുകൾ. നിലവിൽ പരിമിതമായ വൈദ്യുതി മാത്രമാണ് ഇസ്രയേലിൽ നിന്ന് ഗാസയിലെത്തിയിരുന്നത്. ഭൂരിഭാഗവും യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ നിറുത്തിയിരുന്നു.
ജല വിതരണം നിറുത്താനുള്ള സാദ്ധ്യതയും ഇസ്രയേൽ ആലോചിക്കുന്നുണ്ട്. ഗാസയിലെ വെടിനിറുത്തലിൽ അനിശ്ചിതത്വം നീളുന്നതിനിടെയാണ് നീക്കം. ജനുവരി 19ന് നിലവിൽ വന്ന ഒന്നാം ഘട്ട വെടിനിറുത്തലിന്റെ കാലാവധി ഈ മാസം 1ന് അവസാനിച്ചിരുന്നു.
2 മുതൽ ആറാഴ്ച നീളുന്ന രണ്ടാം ഘട്ടം തുടങ്ങേണ്ടതായിരുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ വിജയിക്കാത്തതിനാൽ ഒന്നാം ഘട്ടം 42 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടെങ്കിലും ഹമാസ് തള്ളി. ഇതോടെ ഗാസയിലേക്കുള്ള ഭക്ഷണവും മരുന്നും അടക്കമുള്ള സഹായ വിതരണം ഇസ്രയേൽ തടഞ്ഞിരുന്നു.
ഗാസയിൽ നിന്ന് ഇസ്രയേലിന്റെ സൈനിക പിന്മാറ്റം ഉൾക്കൊള്ളുന്ന രണ്ടാം ഘട്ട വെടിനിറുത്തൽ ഉടൻ തുടങ്ങണമെന്നാണ് ഹമാസിന്റെ ആവശ്യം. ഇതുസംബന്ധിച്ച് മദ്ധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഖത്തറിൽ ചർച്ച തുടങ്ങും.