
ട്രെയിൻ റാഞ്ചൽ: 346 ബന്ദികളെ മോചിപ്പിച്ചു, ഏറ്റുമുട്ടലിൽ 33 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടു ക്വറ്റ (പാക്കിസ്ഥാൻ): ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) റാഞ്ചിയ ട്രെയിനിൽ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിച്ചെന്ന് അധികൃതരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. ബിഎൽഎയ്‌ക്കെതിരായ ഏറ്റുമുട്ടൽ അവസാനിച്ചെന്നാണു വിവരം. ആകെ 346 ബന്ദികളെയാണു മോചിപ്പിച്ചത്. ഏറ്റുമുട്ടലിൽ 33 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടു. 21 ബന്ദികളെയും നാലു സൈനികരെയും ബിഎൽഎ വധിച്ചു. എങ്ങനെയാണു ബന്ദികളുടെ മോചനം സാധ്യമായതെന്ന വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പാക്ക് ജയിലിൽ കഴിയുന്ന ബിഎൽഎ തടവുകാരെ മോചിപ്പിച്ചാൽ മാത്രമേ ബാക്കി ബന്ദികളെ വിട്ടയയ്ക്കൂ എന്നായിരുന്നു ബിഎൽഎയുടെ നിലപാട്. സൈന്യം ഇടപെട്ടാൽ ബന്ദികളെ കൊലപ്പെടുത്തുമെന്നും ബിഎൽഎ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ഭീഷണി അവഗണിച്ച് പാക്ക് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പൗരരെയും ആദ്യമേ വിട്ടയച്ചതായി ബിഎൽഎ വ്യക്തമാക്കി.ആകെ 450 യാത്രക്കാരാണു ട്രെയിനിൽ ഉണ്ടായിരുന്നത്. പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽനിന്നു വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്‌സ്പ്രസാണു മഷ്‌കഫ് തുരങ്കത്തിൽ ആക്രമിക്കപ്പെട്ടത്. ബിഎൽഎയുടെ ചാവേർസംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.വിസ്തൃതിയിൽ പാക്കിസ്ഥാന്റെ മൂന്നിൽ രണ്ടോളം വരുന്ന മേഖലയാണ് ബലൂചിസ്ഥാൻ. എന്നാൽ, പാക്ക് ജനസംഖ്യയുടെ അഞ്ചിലൊന്നേ ഇവിടെയുള്ളൂ. പ്രകൃതിവാതക നിക്ഷേപവും ധാതുക്കളും കൊണ്ടു സമ്പന്നമായ മേഖലയെ സർക്കാർ ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് കാൽനൂറ്റാണ്ടു മുൻപാണ് ബിഎൽഎ സജീവമായത്. മുൻപും ഇവിടെ ട്രെയിനുകൾക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.