
സ്റ്റാര്‍ലിങ്കുമായി കൈ കൊടുത്ത് ജിയോയും എയര്‍ടെലും; ഇന്ത്യയില്‍ ഇനി സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിപ്ലവം?
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഗോള ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌കും തമ്മില്‍ അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.
സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ നേരത്തെ എതിര്‍ത്തിരുന്ന ടെലികോം കമ്പനികളായ എയര്‍ടെലും റിയലന്‍സ് ജിയോയുമാണ് ഇപ്പോള്‍ അവരുമായി പങ്കാളിത്തമുണ്ടാക്കിയിട്ടുള്ളത്. ഇരുകമ്പനികളും സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇതോടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ നടത്താനിടയില്ലെന്നാണ് വ്യക്തമാകുന്നത്.
സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായി സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ജിയോയുടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാക്കും.
ഇന്ത്യയിലെ അതിവിദൂര ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ പങ്കാളിത്തം സഹായിക്കും. ജിയോയുടേതിന് സമാനമായ കരാര്‍ തന്നെയാണ് എയര്‍ടെലും സ്റ്റാര്‍ലിങ്കുമായി ഉണ്ടാക്കിയിട്ടുള്ളത്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന് കീഴിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ആയിരക്കണക്കിന് ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്കിനുണ്ട്. ഇത്തരത്തിലുള്ള ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്കിന്റേത്. കാലതാമസമില്ലാതെ ഹൈസ്പീഡ് ഇന്റര്‍നെറ്റാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.
മിക്ക സാറ്റലലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളും 35,786 കിലോ മീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹങ്ങളില്‍ നിന്നാണ് വരുന്നത്. ഇത് ലേറ്റന്‍സി അഥവാ ഉപയോക്താവിനും ഉപഗ്രഹത്തിനും ഇടയിലുള്ള റൗണ്ട്-ട്രിപ്പ് ഡാറ്റ സമയം ഉയര്‍ത്തുന്നുവെന്നാണ് സ്റ്റാര്‍ലിങ്ക് പറയുന്നത്. എന്നാല്‍ തങ്ങളുടെ ഉപഗ്രഹങ്ങള്‍ 550 കിലോ മീറ്റര്‍ ഉയരത്തില്‍ മാത്രമാണ് ഉള്ളതെന്നും അതുകൊണ്ട് അതിലൂടെയുള്ള ഇന്റര്‍നെറ്റ് സേവനം വളരെ വേഗത്തിലുള്ളതായിരിക്കുമെന്നും സ്റ്റാര്‍ലിങ്ക് അവകാശപ്പെടുന്നു.
കേബിളുകള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ വഴിയോ, വൈഫൈ പോലുള്ള ഏതെങ്കിലും ഉപാധികള്‍ വഴിയോ ആണ് നിലവില്‍ ഇന്റര്‍നെറ്റ് ഡേറ്റ നമ്മുടെ ഫോണിലോ കംപ്യൂട്ടറുകളിലോ എത്തുന്നത്. ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയാല്‍ മാത്രമേ നിലവില്‍ ഇന്റര്‍നെറ്റ് ഡേറ്റ തടസമില്ലാതെ ലഭിക്കുകയുള്ളൂ.
എന്നാല്‍ കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് ഒരു ‘ഇടനിലക്കാരന്റേ’യും സഹായമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡുകള്‍ ചെയ്യുന്നത്. കേബിള്‍ ബ്രോഡ്ബാന്‍ഡുമായും 5 ജിയുമായുമൊക്കെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡിന് ഒരുപാട് നേട്ടങ്ങളുണ്ട്.
ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഉയര്‍ന്ന വേഗമുള്ള ഇന്റര്‍നെറ്റ് കിട്ടുമെന്ന് മാത്രമല്ല, ഭൂകമ്പമോ പ്രളയമോ ഏത് മഹാദുരന്തങ്ങള്‍ വന്നാലും ഇന്റര്‍നെറ്റ് കണക്ഷന്‍ മുടങ്ങില്ല. ശത്രുരാജ്യമോ പ്രകൃതിക്ഷോഭമോ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തെറിഞ്ഞാലും സാറ്റലൈറ്റ് ഇന്റര്‍നെറ്റിന് ഒന്നും സംഭവിക്കില്ല എന്ന നേട്ടവുമുണ്ട്