
സുനിതയും ബുച്ചും പരിശീലനം ആരംഭിച്ചു
വാഷിംഗ്ടൺ: ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും 45 ദിവസത്തെ പരിശീലനം ഇന്നലെ ആരംഭിച്ചു. ഹൂസ്റ്റണിലെ ജോൺസൺ ബഹിരാകാശകേന്ദ്രത്തിലാണ് ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാനുള്ള പരിശീലനം. സുനിതയേയും ബുച്ചിനെയും കൂടാതെ സഹയാത്രികരായിരുന്ന നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവും പരിശീലനം നേടും. ശക്തി, വഴക്കം, നടക്കാനുള്ള കഴിവ് എന്നിവ വീണ്ടെടുക്കുന്നത് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ സന്തുലിതാവസ്ഥയും ചലനശേഷിയും കൂട്ടാനും ഹൃദയാരോഗ്യം ഉറപ്പാക്കാനും വ്യായാമങ്ങൾ. ആരോഗ്യം വീണ്ടെടുക്കാനുള്ള ഫംഗ്ഷണൽ ഡെവലപ്മെന്റ് ട്രെയിനിംഗ് മൂന്നാം ഘട്ടം.
ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് മെക്സിക്കോ ഉൾക്കടലിലെ (ഗൾഫ് ഒഫ് അമേരിക്ക) തിരമാലകളിൽ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ഫ്രീഡം പേടകം ഭൂമിയിലെത്തിയത്. ഫ്ലോറിഡയിലെ ടാലഹാസി നഗരത്തോട് ചേർന്ന ഇടമാണിത്. ഒമ്പത് മാസം ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടിവന്ന സുനിതയും ബുച്ചും ഭൂമിയുടെ കരങ്ങളിലെത്തിയ ആവേശത്തിലാണ് ലോകം.
യു.എസ് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും ചെറുബോട്ടുകൾ പേടകത്തെ പലവട്ടം വലംവച്ചു. എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കി. പ്രകൃതിയുടെ വരവേല്പായി ഡോൾഫിനുകളും വലംവച്ചു. നാസയും സ്പേസ് എക്സും അറിയിച്ച പ്രകാരമായിരുന്നു ലാൻഡിംഗ്. സെപ്തംബറിൽ നിലയത്തിൽ എത്തിയ നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവും മടക്കയാത്രയിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.