ധ്രുവ പ്രദേശങ്ങളെ കടന്ന് പോളാര്‍ ഓര്‍ബിറ്റിലേക്ക് ആദ്യ യാത്ര; ഫ്രാം 2 വിക്ഷേപണം വിജയകരം

0

ഫ്‌ളോറിഡ: ആദ്യമായി ഭൂമിയുടെ ധ്രുവ പ്രദേശങ്ങളെ കടന്നു പോകുന്ന പോളാര്‍ ഓര്‍ബിറ്റില്‍ ബഹിരാകാശ യാത്രികരെ എത്തിച്ച് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്.

ബഹിരാകാശ യാത്രികരെ ആദ്യമായി പോളാര്‍ ഓര്‍ബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിന്റെ ഭാഗമായുള്ള വിക്ഷേപണം വിജയകരം. സ്‌പേസ് എക്‌സിന്റെ ‘റെസിലിയന്‍സ്’ എന്ന ഡ്രാഗണ്‍ ക്രൂ ക്യാപ്‌സൂളിലാണ് നാല് ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തില്‍ എത്തിച്ചത്.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഇന്ത്യന്‍ സമയം രാവിലെ 7.16 ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുവാനാണ് സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ഭ്രമണപഥം തിരഞ്ഞെടുത്തത്.

ഭൂമിയുടെ ധ്രുവങ്ങളെപ്പറ്റിയുള്ള പഠനമാണ് റെസിലിയന്‍സിലെ യാത്രികര്‍ നടത്തുക. അതിനൊപ്പം 22 ശാസ്ത്ര പരീക്ഷണങ്ങളും നടത്തും. അന്തരീക്ഷ പ്രതിഭാസങ്ങളും അത് ബഹിരാകാശ യാത്രികരുടെ ശരീരത്തിലുണ്ടാക്കുന്ന സ്വാധീനവുമൊക്കെയാണ് പ്രധാന പഠന വിഷയങ്ങള്‍.

ധ്രുവ പ്രദേശങ്ങളിലെ വിവിധ പ്രതിഭാസങ്ങള്‍ ഗവേഷകര്‍ പഠന വിധേയമാക്കും. ബഹിരാകാശത്ത് വെച്ച് എക്സ്റേ ചിത്രമെടുക്കുക എന്നതാണ് മറ്റൊരു സുപ്രധാന പരീക്ഷണം. ഭാവി ബഹിരാകാശ യാത്രയില്‍ നിര്‍ണായകമാകുന്ന പരീക്ഷണമാണിത്.

ഗുരുത്വ ബലമില്ലാത്ത അവസ്ഥയില്‍ അസ്ഥികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന മാറ്റങ്ങള്‍, ഗ്രാവിറ്റി ഇല്ലാത്തിടത്ത് കൂണുകള്‍ വളര്‍ത്താനുള്ള ശ്രമം തുടങ്ങി ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്ക് ആവശ്യമായി വരുന്ന വിവരങ്ങളും ഗവേഷകര്‍ ശേഖരിക്കും.

You might also like