മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം തുടരും: ലോക്സഭ അംഗീകരിച്ചു; പ്രമേയം അവതരിപ്പിച്ചത് പുലര്‍ച്ചെ

0

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ലോക്സഭ അംഗീകരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിന് തൊട്ടുപിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് അംഗീകാരം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പാര്‍ട്ടി വ്യത്യാസമില്ലാതെ അംഗങ്ങള്‍ തീരുമാനത്തെ പിന്തുണച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനത്ത് സാധാരണ നില പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ മണിപ്പൂരില്‍ ഒരു അക്രമവും ഉണ്ടായിട്ടില്ല. സമാധാനപരമായ പരിഹാരത്തിനായി മെയ്തേയി, കുക്കി സമുദായങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

സംസ്ഥാനത്ത് നിലവില്‍ സ്ഥിതി ശാന്തമാണ്. അതേസമയം ആളുകള്‍ ക്യാമ്പുകളില്‍ കഴിയുന്നിടത്തോളം സ്ഥിതി തൃപ്തികരമാണെന്ന് താന്‍ പറയില്ല. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. മണിപ്പൂരിലെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വംശീയ അക്രമം ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

കോടതി ഉത്തരവ് വന്ന ദിവസം തന്നെ കേന്ദ്ര സേനയെ വ്യോമമാര്‍ഗം സംസ്ഥാനത്തേക്ക് അയച്ചു. നടപടി സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ല. 2023 മെയ് മാസത്തില്‍ ആരംഭിച്ച അക്രമത്തില്‍ ഇതുവരെ 260 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ 80 ശതമാനം പേര്‍ക്കും ആദ്യ മാസത്തിനുള്ളിലാണ് ജീവന്‍ നഷ്ടമായതെന്നും അമിത് ഷാ പറഞ്ഞു

You might also like