ശബ്ദവും ചലനശേഷിയും മെച്ചപ്പെട്ടു; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിൽ ചികിത്സ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നെന്ന് വത്തിക്കാൻ. ശബ്ദവും ചലനശേഷിയും മെച്ചപ്പെട്ടുവരികയാണെന്ന് വത്തിക്കാൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
പാപ്പ എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ സഹകാർമ്മികനായി പങ്കെടുക്കുന്നുണ്ട്. ശ്വാസകോശ പ്രശ്‌നങ്ങൾ കുറഞ്ഞുവരുന്നതായി രക്തപരിശോധനയിലും നെഞ്ചിന്റെ എക്സ്‌റേയിലും വ്യക്തമായി. ആശുപത്രിയിലെന്നപോലെ പാപ്പയ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകുന്നത് രാത്രിയിലും അത്യാവശ്യഘട്ടങ്ങളിലും തുടരുന്നുണ്ട്. എന്നാൽ പകൽ സാധാരണയായി ചെറിയ തോതിൽ മാത്രമാണ് പാപ്പയ്ക്ക് ഓക്സിജൻ നൽകുന്നത്. അത് തുടർച്ചയായി നൽകേണ്ടിവരുന്നില്ലെന്നും വത്തിക്കാൻ കൂട്ടിച്ചേർത്തു.
പാപ്പയുടെ ചലനശേഷിയിൽ പുരോഗതിയുണ്ട്, മറ്റുളളവരുടെ സഹായത്തോടെ പാപ്പയ്ക്ക് കസേരയിൽ ഇരിക്കാനാകുന്നുണ്ടെന്നും സാധാരണ രീതിയിൽ ജോലികളിൽ ഏർപ്പെടാനാകുന്നുണ്ടെന്നും വത്തിക്കാൻ വിശദീകരിച്ചു. അതേസമയം വിശുദ്ധവാര കർമ്മങ്ങളിൽ പാപ്പയുടെ പങ്കാളിത്തം സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല