ഇന്ത്യയ്ക്ക് 26 ശതമാനം; വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

0

വാഷിങ്ടണ്‍: വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും 10 ശതമാനം തീരുവയാണ് ചുമത്തിയത്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതിയും ചുമത്തിയിട്ടുണ്ട്.

ഇന്ത്യ(26 ശതമാനം), ചൈന (34 ശതമാനം), യൂറോപ്യന്‍ യൂണിയന്‍ (20 ശതമാനം), ജപ്പാന്‍ (24 ശതമാനം) എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ നികുതി ചുമത്തിയത്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.

വിദേശ നിര്‍മിത ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങള്‍ക്കും 25 ശതമാനം നികുതി ചുമത്തി. യു.എസ് വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യു.എസ് ഒരിക്കല്‍ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ചും ചെയ്യും. തിരിച്ചടിത്തീരുവ ആ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങള്‍ തിരിച്ച് വരും. വിദേശ വ്യാപാര പ്രതിബന്ധങ്ങള്‍ മറികടക്കും. യുഎസിന്റെ സുവര്‍ണ നാളുകളാവും വരാന്‍ പോകുന്നതെന്നും ട്രംപ് വ്യക്തമാക്കി. ചൈന 67 ശതമാനമാണ് യു.എസിനെതിരെ ഇറക്കുമതിത്തീരുവ ചുമത്തുന്നത്. എന്നാല്‍ 34 ശതമാനം എന്ന കുറഞ്ഞ തിരിച്ചടിത്തീരുവ മാത്രമാണ് യുഎസ് ചൈനയ്ക്കു മേല്‍ ചുമത്തുക എന്നും ട്രംപ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായി വളരെ സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ 20 ശതമാനം തിരിച്ചടിത്തീരുവ മാത്രം പ്രഖ്യാപിക്കുന്നു. വിയറ്റ്‌നാമികളെ എനിക്ക് ഇഷ്ടമാണ്. 46 ശതമാനം തിരിച്ചടിത്തീരുവയാണ് വിയറ്റ്‌നാമിനെതിരെ പ്രഖ്യാപിക്കുന്നത്. ജപ്പാന്‍കാരെ ഞാന്‍ കുറ്റം പറയില്ല. അവര്‍ക്കും 24 ശതമാനം പ്രഖ്യാപിക്കുന്നു. ഇന്ത്യ, അവിടത്തെ പ്രധാനമന്ത്രി കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് എന്നെ സന്ദര്‍ശിച്ചത്.

അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ 52 ശതമാനം തീരുവയാണ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത്. പക്ഷേ അവര്‍ക്ക് 26 ശതമാനം എന്ന ഡിസ്‌കൗണ്ട് തീരുവ പ്രഖ്യാപിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്. 10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക.

You might also like