ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരികെയെത്താന്‍ ശരീരഭാരം കുറയ്ക്കണം; യുവതാരം പൃഥ്വി ഷായോട് സിലക്ടര്‍മാര്‍; നിര്‍ദ്ദേശം, ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ

0

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരികെയെത്തണമെങ്കില്‍ ശരീരഭാരം കുറയ്ക്കണമെന്ന് യുവതാരം പൃഥ്വി ഷായോട് സിലക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി വെളിപ്പെടുത്തല്‍. ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ടീമില്‍നിന്ന് താരത്തെ തഴഞ്ഞതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍.

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണിലും മിന്നുന്ന ഫോമിലായിരുന്ന ഷാ ടീമിലേക്ക് തിരികെയെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി 20 അംഗ ടീമിനെയും നാല് റിസര്‍വ് താരങ്ങളെയും തിരഞ്ഞെടുത്ത സിലക്ടര്‍മാര്‍, പൃഥ്വി ഷായെ തഴയുകയായിരുന്നു.

ഇന്ത്യയുടെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ പൃഥ്വി ഷാ കളിച്ചിരുന്നു. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിങ്‌സില്‍ നാലു റണ്‍സിനും പുറത്തായതിനു പിന്നാലെ താരത്തെ ടീമില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനത്തിന് എത്തിയപ്പോഴും താരത്തെ ടീമിലേക്ക് പരിഗണിച്ചില്ല.

‘കളത്തില്‍ ഒരു ഇരുപത്തൊന്നുകാരന്റെ വേഗം പൃഥ്വി ഷായ്ക്കില്ല. അദ്ദേഹം കുറച്ചുകൂടി ശരീരഭാരം കുറച്ചേ മതിയാകൂ. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഫീല്‍ഡിങ്ങില്‍ ഷായ്ക്ക് ശ്രദ്ധക്കുറവും ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിയതു മുതല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഷാ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിനു മുന്‍പില്‍ ഋഷഭ് പന്തിന്റെ വലിയൊരു ഉദാഹരണമുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ശക്തമായി തിരിച്ചുവരാന്‍ പന്തിന് സാധിച്ചിട്ടുണ്ടെങ്കില്‍, പൃഥ്വി ഷായ്ക്കും അത് അനായാസം കഴിയും’ ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പൃഥ്വി ഷായേപ്പോലൊരു താരത്തെ അധികനാള്‍ അവഗണിക്കാനാകില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. താരം ഉടന്‍ തന്നെ രാജ്യാന്തര വേദിയിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

‘ഇപ്പോഴത്തെ ഫോം പൃഥ്വി ഷാ കുറച്ചു ടൂര്‍ണമെന്റുകളില്‍ കൂടി തുടരണം. ഒരു ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പലതവണ ടീമിലെടുത്തിട്ടുണ്ട്. പക്ഷേ, രാജ്യാന്തര വേദിയിലെത്തുമ്ബോള്‍ അദ്ദേഹം ഫോം ഔട്ടാകും. എന്തായാലും അധികനാള്‍ അവഗണിക്കാവുന്ന താരമല്ല ഷാ’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ നിറം മങ്ങി ടീമിനു പുറത്തായ ഷാ അതിനുശേഷം തകര്‍പ്പന്‍ ഫോമിലാണ്. ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയിലെ ഉജ്വല പ്രകടനത്തോടെയാണ് ഷാ ഫോമിലേക്ക് തിരിച്ചെത്തിയത്. എട്ടു മത്സരങ്ങളില്‍നിന്ന് 165.40 ശരാശരിയില്‍ 800ല്‍ അധികം റണ്‍സാണ് ഷാ അടിച്ചുകൂട്ടിയത്. പിന്നീട് ഐപിഎല്‍ 14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും അദ്ദേഹം ഇതേ ഫോം തുടര്‍ന്നു. എട്ട് ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 166നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 307 റണ്‍സാണ് ഷാ അടിച്ചുകൂട്ടിയത്.

You might also like