ഇറക്കുമതി തീരുവ : ചൈന യുഎസ് പ്രതിസന്ധി രൂക്ഷമാകുന്നു

0

വാഷിങ്ടൺ : ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക്‌ തീരുവ 145 ശതമാനമാണെന്ന് സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. ചൈനീസ് ഉത്പന്നങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച 104 ശതമാനത്തിൽനിന്ന്‌ 125 ശതമാനമായി തീരുവ ഉയർത്തിയതായി കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമുള്ള 20 ശതമാനം നികുതി കൂടി ബാധകമാണെന്നും അതിനാൽ ചൈനീസ് ഉത്പന്നങ്ങൾക്കുള്ള യഥാർഥ തീരുവ 145 ശതമാനമാണെന്നും വൈറ്റ്ഹൗസ് വിശദീകരിച്ചു. ചൈന ഇതുവരെ രണ്ടുഘട്ടമായി 84 ശതമാനം നികുതിയാണ് അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള തീരുവ ചൈന ഇനിയും ഉയർത്തുമെന്ന അഭ്യൂഹവും ശക്തമാണ്.

ചട്ടങ്ങളിൽ അധിഷ്‌ഠിതമായ ബഹുമുഖ വ്യാപാരത്തിന്‌ ഗുരുതരമായി ക്ഷതമേൽപ്പിക്കുന്നതാണ്‌ അമേരിക്കൻ നീക്കമെന്ന്‌ ചൈനയുടെ വിദേശ മന്ത്രാലയ വക്താവ്‌ ലിൻ ജിയാൻ പറഞ്ഞു. ലോകത്തിന്റെയാകെ ഇംഗിതത്തിന്‌ വിരുദ്ധമായാണ്‌ അമേരിക്ക പ്രവർത്തിക്കുന്നത്‌. സംവാദത്തിനായുള്ള വാതിൽ തുറന്നിട്ടിരിക്കയാണെന്ന്‌ ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രതികരിച്ചു. അമേരിക്ക നികുതി ചുമത്തിയത്‌ ലോകത്തിനാകെയാണെന്നും വ്യാപാരയുദ്ധം രൂക്ഷമാകുന്നത്‌ ഒഴിവാക്കാൻ ചൈനയ്‌ക്കൊപ്പം അമേരിക്കയും ശ്രമിക്കണം. വ്യാപാരയുദ്ധത്തിൽ വിജയികൾ ഉണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി.

You might also like