ഇന്ത്യ -അമേരിക്ക വ്യാപാര ചർച്ച ഏപ്രിൽ 23 മുതൽ

ന്യൂഡൽഹി: ഇന്ത്യ -അമേരിക്ക വ്യാപാര ചർച്ച ഏപ്രിൽ 23 മുതൽ വാഷിങ്ടണിൽ നടക്കും. ഇരു രാഷ്ട്രങ്ങളും തമ്മിൽ വ്യാപാര കരാറുണ്ടാക്കുന്നതിന് മുന്നോടിയായാണ് ചർച്ച. തീരുവ, തീരുവയിതര തടസ്സങ്ങൾ, കസ്റ്റംസ് സൗകര്യം തുടങ്ങി 19 വിഷയങ്ങളിൽ ഊന്നിയാണ് ചർച്ച. ഇന്ത്യൻ പ്രതിനിധിസംഘത്തെ വാണിജ്യ വകുപ്പ് അഡീഷനൽ സെക്രട്ടറി രാജേഷ് അഗർവാൾ നയിക്കും.
കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ വാണിജ്യ സെക്രട്ടറിയായി ഉയർത്തിയിട്ടുണ്ടെങ്കിലും പദവിയേറ്റെടുക്കുന്നത് ഒക്ടോബർ ഒന്നിനാണ്. മൂന്നുദിവസമാണ് ഒന്നാംഘട്ട ചർച്ച നിശ്ചയിച്ചിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം മരവിപ്പിച്ച 90 ദിവസത്തിനകം ധാരണയിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
സെപ്റ്റംബർ -ഒക്ടോബർ കാലയളവിൽ ഒന്നാംഘട്ട കരാറിൽ ഒപ്പിടാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം പ്രാഥമിക ചർച്ചക്കായി യു.എസ് അസിസ്റ്റന്റ് ട്രേഡ് റെപ്രസന്റിവ് ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യു.എസ് ഉദ്യോഗസ്ഥ സംഘം ഇന്ത്യയിലെത്തിയിരുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ അമേരിക്കയിൽനിന്ന് 4533 കോടി ഡോളറിന്റെ ഇറക്കുമതിയും അമേരിക്കയിലേക്ക് 8651 കോടി ഡോളറിന്റെ കയറ്റുമതിയും നടത്തി.