
പുടിൻ തന്റെയും ഫോൺ ചോർത്തുന്നുണ്ടോയെന്ന് ആശങ്ക പങ്കുവച്ച് ട്രംപ്
വത്തിക്കാൻ: പുടിൻ തന്റെയും ഫോൺ ചോർത്തുന്നുണ്ടോയെന്ന് ആശങ്കയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർപാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കിയും തമ്മിൽ റോമിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ട്രംപിന്റെ പ്രതികരണമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്നാണ് തോന്നുന്നതെന്നും പുടിൻ തന്നെയും ടേപ്പ് ചെയ്യുന്നുവെന്നുമാണ് സംശയിക്കുന്നതെന്നുമാണ് ട്രംപ് പ്രതികരിച്ചത്. ഇത് മറ്റൊരു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഒരു പാട് ആളുകളാണ് മരിക്കുന്നതെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
ഫെബ്രുവരിയിൽ ഓവൽ ഓഫീസിലെ വ്ലാഡ്മിർ സെലൻസ്കിയും ഡൊണാൾഡ് ട്രംപും ജെഡി വാൻസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞിരുന്നു. വലിയ രീതിയിലുള്ള തർക്കമാണ് ഇരു നേതാക്കാളും തമ്മിൽ ഓവൽ ഓഫീസിലുണ്ടായത്. ഓവൽ ഓഫീസിനെ തർക്കത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നതും ചർച്ച നടത്തുന്നതും വത്തിക്കാനിൽ വച്ചാണ്. ഫെബ്രുവരിയിൽ തെറ്റിപ്പിരിഞ്ഞ ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന സൂചനകളാണ് ഇതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നടക്കം പുറത്തുവരുന്നത്. മാർപാപ്പയുടെ സംസ്കാര ചടങ്ങിന് മുന്നെ ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയെന്ന് സെലൻസ്കിയുടെ വക്താവ് ആണ് ആദ്യം അറിയിച്ചത്. പിന്നാലെ വൈറ്റ് ഹൗസും കൂടിക്കാഴ്ച സ്ഥിരീകരിച്ചു. കൂടികാഴ്ച ഫലപ്രദം എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇരുവരും വീണ്ടും ചർച്ച നടത്തുമെന്നും അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.