
കാനഡയിലെ കൂട്ടക്കുരുതി ഭീകരാക്രമണമല്ല; പിടിയിലായ 30 കാരന് മാനസികാരോഗ്യ പ്രശ്നങ്ങളെന്ന് പൊലീസ്
ഓട്ടവ: കാനഡയിലെ വാന്‍കൂവറില്‍ നടന്ന ഫെസ്റ്റിവലിനിടെ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ മരണം 11 ആയി. സംഭവത്തില്‍ പിടിയിലായ 30 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി. കൈ-ജി ആദം ലോ എന്ന യുവാവാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ആക്രമണത്തിന് തീവ്രവാദവുമായി ബന്ധമില്ലെന്നും എന്നാല്‍ പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
കനേഡിയന്‍ നഗരമായ വാന്‍കൂവറില്‍ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെയാണ് ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറിയത്. ആദം ലോ ആണ് ഈ വാഹനം ഓടിച്ചിരുന്നത്. കോളനി വിരുദ്ധ നേതാവായ ദാത്തു ലാപു-ലാപുവിന്റെ സ്മരണയ്ക്കായി ഫിലിപ്പിനോ കമ്മ്യൂണിറ്റി നടത്തിവരാറുള്ള ആഘോഷത്തിനിടയിലായിരുന്നു സംഭവം.
പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. തെരുവ് ഉത്സവത്തിനിടെ ഒരു ഡ്രൈവര്‍ ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് വാന്‍കൂവര്‍ പൊലീസ് പറഞ്ഞു