
സംശയ രോഗം വിവാഹ മോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി
കൊച്ചി: സംശയ രോഗം വിവാഹ മോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി. സംശയ രോഗിയായ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടിയ യുവതിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.
ഭാര്യയുടെ വിശ്വസ്തതയെ സംശയിക്കുന്നത് ശീലമാക്കിയ ഭര്‍ത്താവ് അവരുടെ ആത്മാഭിമാനവും സമാധാനവുമാണ് നശിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്നേഹവും വിശ്വാസവും പരസ്പര ധാരണയും കൂടിക്കലര്‍ന്നതാണ് വിവാഹത്തിന്റെ അടിത്തറ. ഇതിനെ വിഷലിപ്തമാക്കുന്നതാണ് നിരന്തരമായി ഉണ്ടാകുന്ന അവിശ്വാസവും സംശയവും. സംശയാലുവായ ഭര്‍ത്താവ് വിവാഹ ജീവിതം നരക തുല്യമാക്കും. അടിസ്ഥാനമില്ലാത്ത സംശയം ക്രൂരതയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള പെരുമാറ്റം അനുഭവിക്കുന്ന ഭാര്യയ്ക്ക് രേഖകളോ തെളിവോ ഹാജരാക്കാന്‍ കഴിയണമെന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെളിവ് ഹാജരാക്കിയില്ലെന്ന പേരില്‍ ഹര്‍ജി തള്ളാനാവില്ല. പരസ്പര വിശ്വാസമാണ് വിവാഹത്തിന്റെ ആത്മാവ്. ഭര്‍ത്താവ് കാരണമില്ലാതെ സംശയിക്കുകയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും സത്യസന്ധതയെ ചോദ്യം ചെയ്യുകയും വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോള്‍ ഭാര്യയ്ക്ക് കടുത്ത മാനസിക വേദനയും അപമാനവും ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു
