
ആക്ടീവായ സിം കാര്‍ഡ് ഇല്ലെങ്കില്‍ ഇനി മുതല്‍ വാട്സാപ്പ് ഉപയോഗിക്കാനാകില്ല
ന്യൂഡല്‍ഹി: ആക്ടീവായ സിം കാര്‍ഡ് ഇല്ലെങ്കില്‍ ഇനി മുതല്‍ വാട്സാപ്പ് ഉപയോഗിക്കാനാകില്ല. വാട്സാപ്പിനോടൊപ്പം മറ്റ് മെസേജിങ് ആപ്പുകളായ ടെലിഗ്രാം, സ്നാപ് ചാറ്റ്, അറട്ടൈ, ഷെയര്‍ ചാറ്റ്, ജോഷ് തുടങ്ങിയ ആപ്പുകളും ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി പ്രവര്‍ത്തിക്കില്ല. ടെലികോം മന്ത്രാലയം ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു.
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമ പ്രകാരമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. സൈബര്‍ സുരക്ഷാ ഭീഷണികള്‍ തടയുക എന്നതാണ് ഈ നിയമം കൊണ്ടുവരുന്നതിന്റെ പ്രധാന ലക്ഷ്യം.
നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് മാത്രമേ വെരിഫിക്കേഷന്റെ ഭാഗമായി ഈ ആപ്പുകളില്‍ നമ്പര്‍ ആവശ്യപ്പെടുന്നുള്ളൂ. സിം കാര്‍ഡ് മാറ്റിയാലും ആപ്പുകള്‍ പ്രവര്‍ത്തിക്കും. ഇത് സുരക്ഷാ പഴുതുകളുണ്ടാക്കുന്നുണ്ട്.
ആപ്പുകള്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് വഴി, ദുരുപയോഗം തടയാനും തട്ടിപ്പുകാരെ എളുപ്പത്തില്‍ കണ്ടെത്താനും കഴിയും. വെബ് ബ്രൗസറുകള്‍ വഴി ലോഗ് ഇന്‍ ചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്.
വെബ് ബ്രൗസറുകള്‍ വഴി ലോഗ് ഇന്‍ ചെയ്തവര്‍ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ട് ചെയ്ത് വീണ്ടും അതാത് ആപിലേക്ക് ലോഗ് ഇന്‍ ചെയ്യണം. ഉപയോക്താക്കള്‍ ലോഗ് ഔട്ട് ചെയ്തില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ആപ്പില്‍ നിന്നും ലോഗ് ഔട്ടാവുന്ന സംവിധാനവും നിലവില്‍ വരും
