
ഹോങ്കോങ്ങിൽ ഭവന സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി
ഹോങ്കോങ് : ഹോങ്കോങ്ങിൽ ഭവന സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി. കാണാതായ 150 പേരെക്കുറിച്ച് ഇനിയും വിവരമില്ല. രക്ഷാപ്രവർത്തനം വെള്ളിയാഴ്ച അവസാനിച്ചു. എങ്കിലും വിശദപരിശോധനയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിന് മൂന്നോ നാലോ ആഴ്ച എടുത്തേക്കാം. 4600-ൽ അധികം ആളുകൾ താമസിക്കുന്ന സമുച്ചയത്തിലെ ഫയർ അലാമുകൾ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഞായറാഴ്‌ച ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പൂക്കൾ അർപ്പിക്കാൻ തായ്‌പോയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിനു സമീപം എത്തിയവരുടെ ക്യൂ ഒരു കിലോമീറ്ററിലധികം നീണ്ടു.
