
ഇനി മനുഷ്യര്‍ക്ക് കുളിക്കാനും പാടുപെടേണ്ട: ഹ്യൂമന്‍ വാഷിങ് മെഷീന്‍ ജപ്പാനില്‍ വില്‍പനയ്‌ക്കെത്തി
ഇനി മനുഷ്യര്‍ക്ക് കുളിക്കാനും പാടുപെടേണ്ട. ഒസാകയില്‍ നടന്ന വേള്‍ഡ് എക്‌സ്‌പോയില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ മിറായ് ഹ്യൂമന്‍ വാഷിങ് മെഷീന്‍ ജപ്പാനില്‍ വില്‍പനയ്‌ക്കെത്തി. സയന്‍സ് എന്ന ജാപ്പനീസ് ടെക്ക് കമ്പനിയാണ് ഉപകരണം അവതരിപ്പിച്ചത്. മിറായ് നിങ്കേന്‍ സെന്റകുകി എന്ന് അറിയപ്പെടുന്ന ഉപകരണം സ്പായ്ക്ക് സമാനമായ അനുഭവമാണ് നല്‍കുക. മനോഹരമായ പാട്ട് കേൾപിച്ചുകൊണ്ട് മുഴുവന്‍ ശരീരവും കഴുകിയെടുക്കാന്‍ ഈ യന്ത്രത്തിന് സാധിക്കും.
ആറ് മാസം നീണ്ടുനിന്ന വേള്‍ഡ് എക്‌സ്‌പോയില്‍ ആളുകളുടെ ശ്രദ്ധ ഏറ്റവും അധികം ആകര്‍ഷിച്ച ഉത്പന്നമാണ് ഭാവിയുടെ ഹ്യൂമന്‍ വാഷര്‍ എന്ന് വിളിക്കപ്പെടുന്ന ഈ യന്ത്രം. ഒക്ടോബറില്‍ അവസാനിച്ച പരിപാടിയില്‍ 2.7 കോടിയാളുകളാണ് പങ്കെടുത്തത്. 1970 ല്‍ ഒസാക എക്‌സ്‌പോയില്‍ അവതരിപ്പിച്ച സമാനമായ ഉപകരണത്തിന്റെ ആധുനിക പതിപ്പാണ് ഇത്തവണ സയന്‍സ് കമ്പനി അവതരിപ്പിച്ചത്. സയന്‍സിന്റെ നിലവിലെ പ്രസിഡന്റ് കുട്ടിക്കാലത്ത് അത് കണ്ടിരുന്നു.
