കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ തടസമില്ലാതെ ഉപയോഗിക്കാന്‍ ഉപകരണങ്ങളില്‍ സിം കാര്‍ഡ് ഉണ്ടായിരിക്കണം
കേന്ദ്രസര്‍ക്കാരിന്റെ സിം ബൈന്‍ഡിങ് ചട്ടങ്ങള്‍ക്ക് ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (സിഒഎഐ) പിന്തുണ. ടെലികോം കമ്പനികളായ വോഡഫോണ്‍ ഐഡിയ, ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ ഉള്‍പ്പടെ അംഗങ്ങളായ സംഘടനയാണ് സിഒഎഐ. വാട്‌സാപ്പ്, ടെലഗ്രാം പോലുള്ള ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ തടസമില്ലാതെ ഉപയോഗിക്കാന്‍ ഉപകരണങ്ങളില്‍ സിം കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് പുതിയ സിം ബൈന്‍ഡിങ് നിയമങ്ങള്‍ പറയുന്നു.
വാട്‌സാപ്പ് നാല് ഉപകരണങ്ങളില്‍ വരെ ഒരേ സമയം ലോഗിന്‍ ചെയ്യാനാവും. അധികമായി ലോഗിന്‍ ചെയ്യുന്ന ഉപകരണങ്ങളെ കമ്പാനിയന്‍ ഡിവൈസ് എന്നാണ് വിളിക്കുക. ഈ കമ്പാനിയന്‍ ഡിവൈസുകളില്‍ സിം കാര്‍ഡ് ഉണ്ടായിരിക്കണം എന്നാണ് പുതിയ ചട്ടം പറയുന്നത്. അല്ലാത്തപക്ഷം ഓരോ ആറ് മണിക്കൂറിന് ശേഷവും കമ്പാനിയന്‍ ഡിവൈസില്‍ നിന്ന് അക്കൗണ്ട് ലോഗ് ഔട്ട് ആവും.
