
എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് തുടങ്ങും; ഫല പ്രഖ്യാപനം മെയ് എട്ടിന്
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങള്‍ പരീക്ഷാ ഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കും.
മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ 30 ന് അവസാനിക്കും. എസ്.എസ്.എല്‍.സി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ ഫെബ്രുവരി 13 വരെ നടക്കും. ഫെബ്രുവരി 16 മുതല്‍ 20 വരെയാണ് മോഡല്‍ പരീക്ഷ. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷന്‍ നടപടികള്‍ ഏപ്രില്‍ ഏഴ് മുതല്‍ 25 വരെ നടക്കും. തുടര്‍ന്ന് മെയ് ഏഴിന് ബോര്‍ഡ് മീറ്റിങ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ മുന്‍കൂട്ടിയുള്ള ഈ പ്രഖ്യാപനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി
