ക്രൈസ്തീയ സഭകളുടെ സംവരണ അവകാശവാദം തെറ്റ്; ന്യൂനപക്ഷ വകുപ്പ് വിഷയത്തില്‍ വിമര്‍ശനവുമായി മുസ്ലീം മതനേതാക്കള്‍

0

തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി പണറായി വിജയന്‍ ഏറ്റെടുത്തതോടെ ന്യൂനപക്ഷ സംഘടനകളില്‍ ഭിന്നിപ്പ്. പ്രതിഷേധവുമായി മുസ്ലിം ലീഗ്. ക്രൈസ്തവ വിഭാഗത്തിന്റെ പ്രചരണത്തിനെതിരെ സമസ്ത കേരളാ മുസ്ലിം ജമാഅത്ത് സമിതി. വിശദീകരണവുമായി സിപിഎം.

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തതില്‍ ന്യൂനപക്ഷ സംഘടനകളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്തി ഏറ്റെടുത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വകുപ്പ് ന്യൂനപക്ഷ അംഗത്തിന് നല്‍കിയ ശേഷം തിരികെ എടുത്തു എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പിന്നാലെ ക്രൈസ്തീയ സഭകളുടെ സംവരണ അവകാശവാദം തെറ്റാണെന്ന് പറഞ്ഞ് സമസ്ത കേരളാ മുസ്ലിം ജമാഅത്ത് സമിതിയും രംഗത്തെത്തി.

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ മുഴുവന്‍ മുസ്ലിം വിഭാഗത്തിലേക്ക് പോകുന്നുവെന്ന വിമര്‍ശനം ക്രൈസ്തവ സഭകള്‍ ഉന്നയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തത്. ഇക്കാര്യം മന്ത്രിസഭയിലെ രണ്ടാമന്‍ കൂടിയായ എം.വി. ഗോവിന്ദന്‍ സ്ഥരീകരിക്കുകയും ചെയ്തു. ക്രൈസ്തവ സഭകളുടെ ആ അവകാശവാദം തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത കേരളാ മുസ്ലിം ജമാഅത്ത് സമിതി രംഗത്ത് എത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുന്ന വിവിധ വിഭാഗങ്ങളിലെ 20 കോടിയില്‍ താഴെ മാത്രം വരുന്ന ചില സ്‌കോളര്‍ഷിപ്പ് പദ്ധതികളെ സംബന്ധിച്ചാണ് 80:20 എന്ന അനുപാതത്തിന്റെ പേരില്‍ ചില തെറ്റിദ്ധാരണകള്‍ പരക്കുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. അതിന്റെ കാരണം ക്രിസ്തീയ വിഭാഗം ന്യൂനപക്ഷ സമുദായമാണെങ്കിലും അതിലെ പിന്നാക്ക സമുദായങ്ങള്‍ 20 ശതമാനം മാത്രമാണുള്ളത് എന്നതിനാലും മുസ്ലിം ന്യൂനപക്ഷ സമുദായം ന്യൂനപക്ഷ വിഭാഗം എന്നതിനൊപ്പം പിന്നാക്ക സമുദായമായതിനാല്‍ കൂടിയാണെന്നും വിശദീകരണ കുറിപ്പിലുണ്ട്.

സംഭവം ചര്‍ച്ചയായതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ തന്നെ രംഗത്തെത്തി. വര്‍ഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ് നടത്താനുള്ള ലീഗ് നീക്കം അപലപനീയമെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. ന്യൂനപക്ഷക്ഷേമ വകുപ്പ് ആര്‍ക്കോ കൊടുത്ത ശേഷം തിരിച്ചെടുത്തൂവെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം വസ്തുതാവിരുദ്ധമാണ്. മുസ്ലിം സമുദായത്തിന് എല്‍ഡിഎഫിലും സര്‍ക്കാരിലും കൂടുതല്‍ വിശ്വാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. ഇതാണ് ലീഗിനെ വിറളി പിടിപ്പിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിരന്തരം ന്യൂനപക്ഷ വിരുദ്ധ നടപടി സ്വീകരിക്കുമ്ബോള്‍ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൈാള്ളുന്നതെന്ന് പറഞ്ഞ് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും വിജയരാഘവന്‍ നടത്തി.

അതേസമയം, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി കൈകോര്‍ത്ത മുസ്ലിം തീവ്രവാദ സംഘടനകള്‍ മുഖ്യമന്ത്രിയുടെ വകുപ്പ് ഏറ്റെടുക്കലിനെ കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ സംഘടനകള്‍ക്കുള്ളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

You might also like