
ഇറാന്റെ കപ്പൽ യുഎസ് പിടിച്ചെടുത്തു; സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കണ്ടെയ്നർ കപ്പൽ അമേരിക്ക പിടിച്ചെടുത്തതോടെ പാകിസ്ഥാനിൽ ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. കപ്പൽ പിടിച്ചെടുത്ത നടപടി സായുധ കടൽക്കൊള്ളയാണെന്ന് ആരോപിച്ച ഇറാൻ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. സംഭവത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ട്രൂത്ത് സോഷ്യലിലൂടെ കപ്പൽ പിടിച്ചെടുത്ത വിവരം പുറത്തുവിട്ടത്. യുഎസിന്റെ കടൽ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാന്റെ കപ്പലിന് നേരെ ഗൾഫ് ഓഫ് ഒമാനിൽ വെടിയുതിർത്തതായും കപ്പലിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ ട്രഷറി വകുപ്പിന്റെ ഉപരോധപ്പട്ടികയിലുള്ള കപ്പലാണിതെന്നും ഇതിലെ ചരക്കുകൾ പരിശോധിച്ചു വരികയാണെന്നും അദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച ഇറാൻ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് കടുത്ത നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ന്യൂഡൽഹിയിലെ ഇറാൻ പ്രതിനിധിയെ വിളിച്ചുവരുത്തിയ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി
