
സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് തന്നെ പാലിക്കുമെന്നും മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിന്മേലുള്ള പൊതുചർച്ചയിൽ നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അർഹരായ പലയാളുകളും പുറത്ത് നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടത്. ഗുണഭോക്താക്കളുടെ കാര്യത്തിൽ അവശ്യമായ പരിശോധന നടത്തും. ലോസ് ആഞ്ചലസിൽ ഉള്ളയാൾ വിളിച്ച് തനിക്ക് പെൻഷൻ കിട്ടിയില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അർഹരായ ചിലർ പട്ടികക്ക് പുറത്തും അനർഹർ പട്ടികക്കകത്തുമുള്ളത് പരിശോധിക്കും’. മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 24 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
