
തൃശൂര്‍ സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും
തൃശൂര്‍: മുണ്ടത്തിക്കോട് സ്ഫോടനത്തിന് ഇരയായവര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും ദുഖം രേഖപ്പെടുത്തി. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച പ്രധാനമന്ത്രി പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
പൂരത്തിന് തൊട്ടുമുമ്പ് നടന്ന ഈ ദുരന്തവും അത് സൃഷ്ടിച്ച വലിയ നാശനഷ്ടങ്ങളും ഹൃദയഭേദകമാണെന്നും അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനവും അടിയന്തര ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചു. തൃശൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ അപകടത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു
