
നാട് നടുങ്ങിയ വെടിക്കെട്ട് അപകടങ്ങള്‍; എരിഞ്ഞടങ്ങിയത് നിരവധി ജീവനുകള്‍
കൊച്ചി: നാട് നടുങ്ങിയ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായത് 2016 ലാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തില്‍ 110 ജീവനുകളാണ് പൊലിഞ്ഞത്. 656 പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ മുണ്ടത്തിക്കോട് ഇന്നലെയുണ്ടായ വെടിക്കെട്ടപകടത്തില്‍ 14 പേരാണ് ഇതുവരെ മരിച്ചത്.
ഇത്തരത്തില്‍ കേരളം നടുങ്ങിയ വെടിക്കെട്ട് അപകടങ്ങള്‍ പലതുണ്ടായിട്ടുണ്ട്. 2024 ഒക്ടോബര്‍ 28ന് കാസര്‍ഗോഡ് നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടമാണ് അടുത്ത കാലത്തുണ്ടായ മറ്റൊരപകടം. ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി, 154 പേര്‍ക്ക് പരുക്കേറ്റു.
2016 ല്‍ എറണാകുളം ജില്ലയിലെ മരട് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ ഉണ്ടായതിന് സമാനമായ അപകടം 2006 ലും തൃശൂര്‍ പൂരം തയാറെടുപ്പിനിടെ സംഭവിച്ചു.
2006 മെയ് നാലിന് പാറമേക്കാവ് ക്ഷേത്രത്തിന്റെ വെടിക്കോപ്പ് നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. 1990 ല്‍ കൊല്ലം മലനട പോരുവഴി ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 67 പേര്‍ക്ക് പരുക്കേറ്റു.
1952 ല്‍ ശബരിമലയില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ 70 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. 1987 ല്‍ തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച 27 പേര്‍ സമീപത്തെ റെയില്‍വേ ട്രാക്ക് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചു
