സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
രുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതിശക്തമായി മാറിയ യാസ് ചുഴലിക്കാറ്റ് ഇന്ന് കരതൊടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്. ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിരുന്നു.