ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച ബൃഹത്തായ പദ്ധതി ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ആരംഭിച്ചു.

0

തിരുവനന്തപുരം: സംസ്ഥാനത്ത് വേരൂന്നുന്ന ലഹരി മരുന്ന് ശൃംഖലകളെ പൂര്‍ണമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച ബൃഹത്തായ പദ്ധതി ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് ആരംഭിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളിയാണ് ലഹരി മരുന്ന് വ്യാപനമെന്നും നാടിന്റെ യുവത്വത്തെയും ഭാവി തലമുറയെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഈ വിപത്തിനെതിരെ സമൂഹത്തിലെ ഓരോരുത്തരും തൂഫാന്‍ പദ്ധതിയുടെ അംബാസഡര്‍മാരായി മാറണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ കര്‍ശന മേല്‍നോട്ടത്തിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഈ ലഹരി വിരുദ്ധ വേട്ടയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

നിയമത്തിന് മുന്നില്‍ പണമോ പദവിയോ സ്റ്റാറ്റസോ നോക്കിയായിരിക്കില്ല പൊലീസ് പ്രവര്‍ത്തിക്കുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരി മാഫിയയുമായി ബന്ധപ്പെട്ട് ആര്‍ക്കും യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല. സിനിമാ രംഗത്തെ കാരവനുകളില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ടെന്നും അദേഹം കര്‍ശന മുന്നറിയിപ്പ് നല്‍കി.

ഡാര്‍ക്ക് വെബിന്റെ മറവിലിരുന്ന് കച്ചവടം നടത്തുന്നവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൃത്യമായി പിന്തുടരും. ഈ നിയമ വിരുദ്ധ ശൃംഖലയിലുള്ളവര്‍ ഇന്ന് തന്നെ കച്ചവടം അവസാനിപ്പിക്കുന്നതാണ് നല്ലത്. ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന പൊതുജനങ്ങളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

You might also like